സൊമാലിലാൻഡ്; ഇസ്രായേൽ നടപടിയിൽ ശക്തമായി അപലപിച്ച് ഒ.ഐ.സി മന്ത്രിമാർ
text_fieldsകുവൈത്ത് സിറ്റി: സോമാലിയയിലെ വിഘടന മേഖലയായ സൊമാലിലാൻഡ് അംഗീകരിക്കുകയും മേഖല സന്ദർശിക്കുകയും ചെയ്ത ഇസ്രായേൽ നടപടിയിൽ ശക്തമായി അപലപിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി). ഇസ്രായേൽ ഉദ്യോഗസ്ഥന്റെ സന്ദർശനം സോമാലിയയുടെ പരമാധികാരത്തിന്റെയും പ്രാദേശിക സുരക്ഷയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ഒ.ഐ.സി വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ വിഘടനവാദ അജണ്ടയെയും എതിർത്ത മന്ത്രിമാർ അന്താരാഷ്ട്ര നിയമങ്ങൾ, നയതന്ത്ര മാനദണ്ഡങ്ങൾ, രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നിവയുടെ പ്രാധാന്യം അടിവരയിട്ടു. സോമാലിയ അതിന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നയതന്ത്രപരവും നിയമപരവുമായ നടപടികൾക്ക് ഒ.ഐ.സി പിന്തുണ പ്രഖ്യാപിച്ചു.
സോമാലിയയുടെ പരമാധികാരം, ദേശീയ ഐക്യം, പ്രദേശിക സമഗ്രത എന്നിവയോട് ഇസ്രായേൽ അധിനിവേശം ആദരവ് കാണിക്കണമെന്നും സൊമാലിലാൻഡിനുള്ള അംഗീകാരം ഉടനടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
കുവൈത്ത്, ജോർഡൻ, ഈജിപ്ത്, അൾജീരിയ, ബംഗ്ലാദേശ്, കൊമോറോസ്, ജിബൂതി, ഗാംബിയ, ഇന്തോനേഷ്യ, ഇറാൻ, ലിബിയ, മാലദ്വീപ്, നൈജീരിയ, ഒമാൻ, പാകിസ്താൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, തുർക്കി, യമൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ ഒപ്പുവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

