സോഷ്യൽ മീഡിയ വഴി പ്രവർത്തനം, ഓൺലൈൻ ചൂതാട്ട, കള്ളപ്പണ ശൃംഖല സംഘം പിടിയിൽ
text_fieldsപ്രതികളിൽനിന്ന് പിടിച്ചെടുത്ത പണം
കുവൈത്ത് സിറ്റി: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട, കള്ളപ്പണ ശൃംഖലയും ആഭ്യന്തര മന്ത്രാലയം പിടികൂടി. ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ഏഴ് പ്രവാസികൾ അറസ്റ്റിലായി. ഇവരിൽ ആറു പേർ ഈജിപ്തുകാരും ഒരാൾ സിറിയക്കാരനുമാണ്.
സോഷ്യൽ മീഡിയ വഴി പ്രവർത്തിച്ചിരുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഘത്തെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഇവരുടെ അന്വേഷണവും നിരീക്ഷണവുമാണ് സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
പൊതുവ്യാപാര സ്ഥാപനങ്ങൾ, ഡെലിവറി കമ്പനികൾ, ഹെൽത്ത് സലൂണുകൾ, വസ്ത്ര-പർഫ്യൂം ഷോപ്പുകൾ തുടങ്ങി വിവിധ മേഖലകളെ സംഘം ചൂഷണം ചെയ്തതായി കണ്ടെത്തി.
തുർക്കിയയിൽ താമസിക്കുന്ന ഇടനിലക്കാരുടെ സഹായത്തോടെയാണ് പണം വെളുപ്പിക്കൽ നടന്നിരുന്നത്. ഓരോ തവണയും 25,000 കുവൈത്ത് ദീനാർ വരെ കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽനിന്ന് ഒന്നര ലക്ഷത്തിലധികം ദീനാർ പിടിച്ചെടുത്തു.
പ്രതികളെയും പിടിച്ചെടുത്ത പണവും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷൻ ഓഫിസിലേക്ക് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരും. രാജ്യസുരക്ഷ ദുർബലപ്പെടുത്തൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവക്ക് ശ്രമിക്കുന്നവരെ പിടികൂടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

