ജനാധിപത്യം കവരുന്ന ‘തസ്കരവീരന്മാർ'
text_fieldsസുഹൈൽ
അബൂബക്കർ
‘വോട്ട് ചോരി’ യുടെ അദൃശ്യകരങ്ങൾ പ്രവാസികൾക്ക് നേരെയും നീളുകയാണ്. വിദേശത്ത് ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസിക്ക് നാട്ടിലെ വോട്ടർപട്ടികയിൽ ഇടം പിടിക്കണമെങ്കിൽ ഇപ്പോൾ അഗ്നിപരീക്ഷകൾ നേരിടേണ്ടി വരുന്നു. ഫോം 6Aയിലെ സാങ്കേതിക കുരുക്കുകൾ ഇതിന് തെളിവാണ്. വിദേശത്ത് ജനിച്ച ഇന്ത്യൻ പൗരന്മാർക്ക് അവരുടെ ജന്മസ്ഥലം രേഖപ്പെടുത്താൻ പോലും സൗകര്യമില്ലാത്ത ഒരു പോർട്ടൽ നിർമിച്ചതിലൂടെ കമീഷൻ ആരെയാണ് സഹായിക്കുന്നത്?
ഒരു ഇന്ത്യൻ പൗരന്റെ പക്കലുള്ള ഏറ്റവും വലിയ രേഖയായ പാസ്പോർട്ട് കൈവശമുള്ള പ്രവാസിയോട് 1987ന് ശേഷമുള്ള മാതാപിതാക്കളുടെ രേഖകൾ ചോദിക്കുന്നത് എന്തിനാണ്? വോട്ട് ചേർക്കലല്ല, മറിച്ച് പൗരത്വത്തിന്റെ പേരിൽ പ്രവാസികളെ വട്ടംകറക്കി പട്ടികക്ക് പുറത്താക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യമെന്ന് വ്യക്തം. കുടുംബാംഗങ്ങളെ ഒന്നിച്ച് ചേർക്കാനുള്ള ‘എപിക്’ നമ്പർ നൽകാൻ കോളം നൽകാത്തത് വഴി, ഒരു കുടുംബത്തിലെ വോട്ടുകൾ പലയിടങ്ങളിലായി ചിതറിക്കാനും വോട്ടിങ് ശതമാനം കുറക്കാനും നീക്കം നടക്കുന്നു.
പ്രവാസികളെ വോട്ടർപട്ടികയിൽ നിന്ന് ആസൂത്രിതമായി വെട്ടിമാറ്റാനുള്ള ഈ നീക്കം വെറുമൊരു സാങ്കേതികപ്രശ്നമല്ല, മറിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്.
ജനാധിപത്യം എന്നത് വോട്ട് ചെയ്യാനുള്ള അവകാശം കൂടിയാണെന്നിരിക്കെ, അതിനെ ഡിജിറ്റൽ മതിലുകൾ കെട്ടി തടയുന്നവർ ഇന്ത്യയുടെ ആത്മാവിനെയാണ് വഞ്ചിക്കുന്നത്. തങ്ങളുടെ അധികാരം നിലനിർത്താൻ ഏതറ്റം വരെയും പോകുന്ന ഈ തസ്കരവീരന്മാർക്കെതിരെ പ്രവാസലോകം ഉണർന്നുപ്രവർത്തിക്കണം. വോട്ടവകാശം എന്നത് ഭരണകൂടം നൽകുന്ന ഔദാര്യമല്ല, നമ്മുടെ മൗലികാവകാശമാണ്. അത് കവരാൻ ശ്രമിക്കുന്ന ഏകാധിപത്യപ്രവണതകളെ നാം വിചാരണ ചെയ്തേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

