സ്മാർട്ട് മീറ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsകുവൈത്ത് ജല വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതി ജലവൈദ്യുതി മന്ത്രി ഡോ. മിഷാൻ അൽ ഉതൈബി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ജല വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതി ജല വൈദ്യുതി മന്ത്രി ഡോ. മിഷാൻ അൽ ഉതൈബി ഉദ്ഘാടനം ചെയ്തു. മന്ത്രാലയത്തിെൻറ പ്രവർത്തനം പൂർണമായും ഡിജിറ്റലിലേക്ക് മാറുന്നതിെൻറ ഭാഗമാണ് സ്മാർട്ട് മീറ്റർ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ശൈഖ് ജാബിർ കൾചറൽ സെൻററിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഹവല്ലി ഗവർണറേറ്റിലെ നിക്ഷേപ, വാണിജ്യ മേഖലയിലാണ് ആദ്യഘട്ടത്തിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചത്. പ്രധാനമായും സാൽമിയ ഭാഗത്താണിത്. സൈൻ കമ്പനി സി.ഇ.ഒ ഇമാൻ അൽ റൗദാൻ, വൈദ്യുതി അറ്റകുറ്റപ്പണി വിഭാഗം മേധാവി മലൂഹ് അൽ അജ്മി എന്നിവർ സംസാരിച്ചു. 66,000 സ്മാർട്ട് വൈദ്യുതി മീറ്ററുകൾ ഇതിനകം ഇറക്കുമതി ചെയ്തിട്ടുണ്ട്. ആകെ ഒമ്പതു ലക്ഷം സ്മാർട്ട് മീറ്റർ ഇറക്കുമതി ചെയ്യാനാണ് ധാരണയായിട്ടുള്ളത്. ഘട്ടംഘട്ടമായി 2022 മാർച്ചോടെ ഇറക്കുമതി പൂർത്തിയാക്കും. അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലിലേക്ക് ജല, വൈദ്യുതി മന്ത്രാലയം മാറുകയാണ്. സ്മാർട്ട് മീറ്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ഏതു സമയത്തും അതുവരെയുള്ള ഉപഭോഗം നിരീക്ഷിക്കാൻ കഴിയും. ഒാൺലൈനായി ബിൽ അടക്കാനും സംവിധാനമുണ്ടാകും. ബിൽ മുൻകൂട്ടി അടക്കാനും കഴിയും. മീറ്റർ തകരാറിലാണെങ്കിൽ മന്ത്രാലയ ആസ്ഥാനത്ത് ഉടൻ സൂചന ലഭിക്കും.
ഇതുവഴി കേടായ മീറ്ററുകൾ വൈകാതെ നന്നാക്കാൻ കഴിയും. വെള്ളത്തിെൻറയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാനുള്ള ശ്രമത്തിെൻറ കൂടി ഭാഗമാണ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്നത്. മൂന്നു ലക്ഷം സ്മാർട്ട് വാട്ടർ മീറ്ററുകൾ ഇറക്കുമതി ചെയ്യാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്.

