അബ്ദലിയിൽ മദ്യ ഫാക്ടറി ആറ് പ്രവാസികൾ അറസ്റ്റിൽ
text_fieldsഅബ്ദലിയിൽ അനധികൃത മദ്യ ഫാക്ടറിയിൽ കണ്ടെത്തിയ
നിർമാണവസ്തുക്കൾ
കുവൈത്ത് സിറ്റി: അബ്ദലിയിൽ അനധികൃത മദ്യ ഫാക്ടറി നടത്തിയ ആറ് പ്രവാസികൾ അറസ്റ്റിൽ. മദ്യം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ, മദ്യം വാറ്റുന്ന ബാരലുകൾ, മറ്റു വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തി. നിർമിച്ച് വിൽപനക്ക് തയാറാക്കിയ നിരവധി കുപ്പി മദ്യം സ്ഥലത്തുനിന്ന് പിടിച്ചെടുത്തു.
അബ്ദാലിയിലെ മരുഭൂമിയിൽ നിയമവിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഒടുവിൽ ഇവിടെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതികൾ മദ്യം നിർമിച്ച് വിൽപനക്ക് തയാറാക്കിയിരുന്നതായി സമ്മതിച്ചു. സംശയിക്കുന്നവരെയും പിടിച്ചെടുത്ത വസ്തുക്കളെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ആഗസ്റ്റിൽ രാജ്യത്ത് വിഷ മദ്യ ദുരന്തത്തിൽ 23 പേർ മരിക്കുകയും നിരവധി പേർക്ക് അവയവങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ശേഷം പത്ത് അനധികൃത ഫാക്ടറികളിൽ നടത്തിയ റെയ്ഡുകളിൽ പ്രാദേശികമായി നിർമിച്ച മദ്യത്തിന്റെ ഉൽപാദനവും വിൽപനയുമായി ബന്ധപ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നും മദ്യ ഉൽപാദനം വിതരണം, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. രാജ്യത്ത് മദ്യത്തിനും ലഹരിവസ്തുക്കൾക്കും സമ്പൂർണ നിരോധനമുണ്ട്. ഇവയുമായി ബന്ധമുള്ളവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

