എസ്.ഐ.ആർ: പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
text_fieldsവിദേശത്ത് ജനിച്ച പ്രവാസികൾ
വിദേശത്ത് ജനിച്ചുവളർന്ന് ജോലി നേടി ജീവിക്കുന്ന നിരവധി പ്രവാസികളുണ്ട്. ഇവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് വഴി ഫോറം 6 A അപേക്ഷ സമർപ്പിക്കുമ്പോൾ ജനനസ്ഥലം രേഖപ്പെടുത്തുന്നയിടത്ത് വിദേശരാജ്യങ്ങളുടെ പേരുകൾ സെലക്ട് ചെയ്യാൻ സംവിധാനമില്ല. ഇന്ത്യയിലെ സഥലങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കാൻ കഴിയുന്നത്.
പുതിയ പാസ്പ്പോർട്ട്
പുതിയതായി ഇഷ്യൂ ചെയ്യുന്ന പാസ്പോർട്ടുകളിൽ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ ഉൾപ്പെടുന്നതാണ് പാസ്പോർട്ട് നമ്പർ. ഇത്തരം നമ്പറുകൾ ഫോം 6 A അപേക്ഷ പൂരിപ്പിക്കുന്ന പാസ്പ്പോർട്ട് കോളത്തിൽ സ്വീകരിക്കുന്നില്ല.
അപേക്ഷ ട്രാക്ക് ചെയ്യൽ പ്രശ്നങ്ങൾ
നിലവിൽ ഫോം 6A സബ്മിറ്റ് ചെയ്ത പല പ്രവാസികൾക്കും അവരുടെ അക്നോളജ്മെന്റ് നമ്പർ വെച്ച് ട്രാക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്.
വോട്ട് ഏത് ബൂത്തിൽ വരും ?
ഫോം 6A സമർപ്പിക്കുമ്പോൾ നിയമസഭ മണ്ഡലം മാത്രമാണ് വെബ്സൈറ്റിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അപേക്ഷകന്റെ ബൂത്ത് മാപ്പ് ചെയ്യുന്നതിനായി ബന്ധുവിന്റെ വോട്ടർ ഐഡി നമ്പർ പോലും എവിടെയും ചോദിക്കുന്നില്ല. വില്ലേജിന്റെയോ പഞ്ചായത്തിന്റെയോ പേരു പോലും ഡാറ്റാബേസിൽ നിന്ന് സെലക്ട് ചെയ്യാൻ ഓപ്ഷനില്ല. വില്ലേജിന്റെ പേര് സ്വന്തമായിട്ട് ടൈപ്പ് ചെയ്യണം. അതുകൊണ്ടുതന്നെ സമർപ്പിച്ച അപേക്ഷകൾ കൃത്യമായ ബൂത്തുകളിലാണ് രേഖപ്പെടുത്തുക എന്നതിൽ സംശയമുണ്ട്.
വില്ലനായി മലയാളം ടൈപ്പിങ്
അപേക്ഷ സമർപ്പിക്കുമ്പോൾ വെബ്സൈറ്റിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് മലയാളം ടൈപ്പിങ്. ഇംഗ്ലീഷ് ടൈപ്പിങ്ങിന്റെ ഓട്ടോമാറ്റിക് പരിഭാഷ വരുന്നുണ്ടെങ്കിലും അത് കൃത്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്.
പ്രത്യേക ലിപിയും കീബോർഡ് ലേ ഔട്ടുമാണ് തലവേദന സൃഷ്ടിക്കുന്നത്. വെബ്സൈറ്റിലുള്ള ഓൺ സ്ക്രീൻ കീബോർഡ് വഴി തിരുത്തലുകൾ നടത്താൻ ശ്രമിച്ചാൽ പോലും പല മലയാള അക്ഷരങ്ങളും ശരിയാക്കിയെടുക്കാൻ സാധിക്കുന്നില്ല.
ജനകീയ ഇടപെടൽ അനിവാര്യം
പ്രവാസികളെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പ്രവാസി സംഘടനകൾ സജീവമായി ഇടപെടേണ്ടതുണ്ട്. അവസാന തീയതി നിലവിൽ ജനുവരി 22 വരെയാണ്. വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം കാരണം പ്രവാസികൾ പട്ടികയിൽ പുറത്താക്കപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ല. മുഴുവൻ എം.പിമാരുടെയും ജനപ്രതിനിധികളുടെയും സത്വര ശ്രദ്ധ ഇതിൽ ഉണ്ടാകണം. നിയമപരമായ ഇടപെടലും അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

