എസ്.ഐ.ആർ നീതിയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കൽ -കേരള അസോസിയേഷൻ
text_fieldsകുവൈത്ത് സിറ്റി: രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് പട്ടികയുടെ തീവ്ര പരിശോധന (എസ്.ഐ.ആർ) ആരംഭിച്ചതിൽ കേരള അസോസിയേഷൻ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നീതിന്യായ വ്യവസ്ഥയെയും ജനങ്ങളെയും വെല്ലുവിളിക്കുന്നതാണ് കേന്ദ്രസർക്കാറിന്റെ ഈ നീക്കം.
കേരളം ഡിസംബറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്ന സമയത്ത് ഒരു മുന്നൊരുക്കവും കൂടാതെയാണ് എസ്.ഐ.ആർ നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്നും കേരള അസോസിയേഷൻ കുവൈത്ത് ആരോപിച്ചു. പഴയ പട്ടിക അടിസ്ഥാനമാക്കി പുതുക്കൽ നടത്തുന്നത് യുക്തിരഹിതമാണ്. 1987നും 2004നും ഇടയിൽ ജനിച്ചവർ വോട്ട് ചെയ്യാൻ പൗരത്വ രേഖകൾ ഹാജരാക്കേണ്ടതായ നിർദേശം ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള സംഘ്പരിവാർ ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ്.
കൃത്യമായ സമയക്രമം പാലിച്ചും, ഉദ്യോഗസ്ഥ സംവിധാനത്തെ ഫലപ്രദമായി വിനിയോഗിച്ചും എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിലെടുത്തും മാത്രമേ വോട്ടർ പട്ടികയുടെ തീവ്ര പരിശോധന നടപ്പാക്കാൻ പാടുകയുള്ളൂ.
പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന നിയമഭേദഗതി നടപ്പിലായിട്ട് 14 വർഷമായിട്ടും അവകാശം വിനിയോഗിക്കാനാവുന്നില്ല. പകരക്കാർ വോട്ട് ചെയ്യുന്ന പ്രോക്സി വോട്ട് പ്രവാസികൾക്കായി നടപ്പാക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പു നൽകിയിട്ട് മൂന്നു വർഷം കഴിഞ്ഞു. ഇ തപാൽ വോട്ടിന് അവസരം നൽകണമെന്നു കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശ നൽകിയത് അഞ്ചു വർഷം മുമ്പാണ്. ഈ കാര്യത്തിലും തീരുമാനമായിട്ടില്ലന്നും കേരള അസോസിയേഷൻ കുവൈത്ത് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

