സിൽവർ ജൂബിലി; ‘സാന്ത്വനം’ 50 ലക്ഷം രൂപയുടെ ക്ഷേമപദ്ധതികൾ നടപ്പാക്കും
text_fieldsസാന്ത്വനം കുവൈത്ത് സിൽവർ ജൂബിലി പ്രത്യേക ക്ഷേമപദ്ധതി ബ്രോഷർ മാധ്യമ
പ്രവർത്തകരായ ജോണി ലൂക്കോസ്, മാതു സജി എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാൽ നൂറ്റാണ്ടായി കുവൈത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വനം കുവൈത്ത് സിൽവർ ജൂബിലി വർഷത്തിൽ പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പാക്കും. 50 ലക്ഷം രൂപയുടെ പ്രത്യേക ക്ഷേമ പദ്ധതികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നത്.
25 രോഗികൾക്ക് അവയവമാറ്റ ശസ്ത്രക്രിയക്ക് ഒരു ലക്ഷം രൂപ വീതം സഹായം. കാൻസർ ബാധിതരായ 25 കുട്ടികൾക്ക് 50,000 രൂപ വീതം, 25 നിർധന വിദ്യാർഥികൾക്ക് 50,000 രൂപ വീതം ഉന്നത വിദ്യാഭ്യാസ സഹായം എന്നിവയാണ് പ്രധാന പദ്ധതികൾ. 2001 മുതൽ തുടരുന്ന പ്രതിമാസ സഹായ പദ്ധതികൾക്ക് പുറമെയാണ്. 25 വർഷത്തിനിടെ 20,000-ത്തിലേറെ രോഗികൾക്ക് 19 കോടി രൂപയുടെ ചികിത്സാ-വിദ്യാഭ്യാസ-കുടുംബ സഹായവും സാമൂഹിക ക്ഷേമ പദ്ധതികളും സംഘടന ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നിർമിച്ച് നൽകിയ ഫിസിയോതെറപ്പി- പാലിയേറ്റിവ് കെയറിന്റെ സേവനം 120 ഓളം രോഗികൾ പ്രയോജനപ്പെടുത്തുന്നു. ഇടുക്കി പശുപ്പാറ പീപ്ൾസ് ക്ലബുമായി സഹകരിച്ച് 40 ലക്ഷം ചെലവിൽ സൗജന്യ ഫിസിയോതെറപ്പി-പാലിയേറ്റിവ് പരിചരണ യൂനിറ്റിന്റെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു.
സമാനമായ പ്രോജക്ട് വയനാട്ടിലും നടന്നുവരുന്നു. തിരുവനന്തപുരം ആർ.സി.സി യുമായി ചേർന്ന് കൊല്ലം ജില്ലയിൽ കാൻസർ നിർണയ മൊബൈൽ ക്ലിനിക് വാൻ ഉടൻ യാഥാർഥ്യമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന കേരള പ്രസ്സ് ക്ലബ് മാധ്യമസമ്മേളനത്തിൽ മനോരമ ടി.വി ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, മാതൃഭൂമി ടി.വി സീനിയർ ജേണലിസ്റ്റ് മാതു സജി എന്നിവർ ചേർന്ന് പ്രത്യേക ക്ഷേമപദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ചടങ്ങിൽ ഭാരവാഹികളായ ജ്യോതിദാസ്, സന്തോഷ് കുമാർ, ജീതിൻ ജോസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

