കുവൈത്തിൽ സിക്ക് ലീവ് ഇനി ഓൺലൈൻ വഴി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് അറിയിച്ചു. ‘കുവൈത്ത് ഹെൽത്ത്’ വഴിയോ ‘സഹൽ’ ആപ് വഴിയോ ലീവിനായി അപേക്ഷ സമര്‍പ്പിക്കാം. ആപ്ലിക്കേഷനിലെ ‘സേവനങ്ങൾ’ എന്ന ഒപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം ആവശ്യമായ വിവരങ്ങള്‍ നല്കി സിക്ക് ലീവ് അപേക്ഷ സമര്‍പ്പിക്കണം.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഒരു ദിവസത്തേക്ക് മാത്രമേ ഇലക്ട്രോണിക് സിക്ക് ലീവിന് അപേക്ഷിക്കാൻ കഴിയൂ. അപേക്ഷിക്കുന്ന ദിവസത്തിന്റെ അതേ തീയതിയിൽത്തന്നെ ആയിരിക്കണം സിക്ക് ലീവ്. ഒരു മാസം ഓണ്‍ലൈന്‍ വഴി അനുവദിക്കുന്ന അവധി പരമാവധി മൂന്നുദിവസം ആയിരിക്കും.
ഇതിൽ കൂടുതൽ അവധി ആവശ്യമാണെങ്കിൽ ആശുപത്രികളിൽ നേരിട്ടെത്തി ഡോക്ടറുടെ പരിശോധനക്ക് വിധേയമാകണം. വര്‍ഷത്തില്‍ പരമാവധി 15 ദിവസം ഇലക്ട്രോണിക് സിക്ക് ലീവ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കി സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയത്. നിലവില്‍ രാജ്യത്ത് ഓരോ വര്‍ഷവും 30 ലക്ഷത്തിലേറെ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. വ്യാജ സിക്ക് ലീവ് നൽകുന്നതിനുപിന്നിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

