നോട്ടം ഹ്രസ്വചലച്ചിത്രമേള:‘ആരോ ഒരാൾ’ മികച്ച ചിത്രം; മുനീർ അഹമ്മദ് സംവിധായകൻ
text_fieldsകുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച അഞ്ചാമത് നോട്ടം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രോത്സവം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂൾ തിയറ്ററിൽ നടന്ന ചലച്ചിത്രമേള പ്രശസ്ത സംവിധായകനും ജൂറി അംഗവുമായ എം.പി. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. അഞ്ചുമുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള 22 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത്. സിനിമ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഛായാഗ്രാഹകൻ കെ.ജി. ജയൻ എന്നിവരും അടങ്ങുന്നതായിരുന്നു ജൂറി. പ്രദർശനത്തിന് ശേഷം നടന്ന ഓപ്പൺ ഫോറത്തിന് ജോൺ മാത്യു നേതൃത്വം നൽകി. നിസാർ ഇബ്രാഹിം സംവിധാനം ചെയ്ത ‘ആരോ ഒരാൾ’ എന്ന ചിത്രത്തിനാണ് കണിയാപുരം രാമചന്ദ്രൻ സ്മാരക ഗ്രാൻഡ് ജൂറി അവാർഡ്. സാബു സൂര്യചിത്ര സംവിധാനം ചെയ്ത മൊമൻറ്സ് ആണ് മികച്ച പ്രവാസി സിനിമ. നിമിഷ രാജേഷ് ഒരുക്കിയ ഫാക്റ്ററി പ്രേക്ഷക അംഗീകാരം നേടി. റീപ്ലേ എന്ന ചിത്രം സംവിധാനം ചെയ്ത മുനീർ അഹമ്മദ് മികച്ച സംവിധായകനായി. മികച്ച നടൻ: ഗോവിന്ദ് ശാന്ത (അബ്രിഗോ), മികച്ച നടി: ഡോ: അനില ആൽബർട്ട് (ഇൻസൈറ്റ്), തിരക്കഥ: ഷരീഫ് താമരശ്ശേരി (ഫേസസ് ഓഫ് എ ഡൈസ്), എഡിറ്റർ: ഷാജഹാൻ കൊയിലാണ്ടി (ഡി ഡേ, റീപ്ലേ, ഇൻസൈറ്റ്), കാമറ: സമീർ അലി (ആരോ ഒരാൾ), സൗണ്ട് ഡിസൈൻ: രഞ്ജു രാജു (മൊമെൻറ്സ്).മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ശങ്കർദാസ് സുഭാഷും മരിയ സന്തോഷും പങ്കിട്ടു. ജൂറി സ്പെഷൽ അവാർഡ്: യോഗ (സിംഗാൾ അനിൽ), കാമറ: യാസർ ഇബ്രാഹിം പതിയിൽ (അബ്രിഗോ), പ്രത്യേക ജൂറി പരാമർശം: കൗണ്ട് ഡൗൺ (മേതിൽ കോമളൻകുട്ടി), ദി ലിഫ്റ്റ്(നവീൻ എസ് കുമാർ), കൂമൻതുരുത്ത് (അൻസാരി കരൂപ്പടന്ന).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
