കുവൈത്ത്: ഷോപ്പിങ്ങിന് അപ്പോയിൻറ്മെൻറ് നിർബന്ധമില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സഹകരണ സംഘങ്ങളിലെ ഷോപ്പിങ്ങിന് ഇപ്പോൾ മുൻകൂട്ടി ബുക്കിങ് നിർബന്ധമാക്കുന്നില്ല. ഒാൺലൈൻ അപ്പോയിൻറ്മെൻറ് എടുത്താൽ ലഭിക്കുന്ന ബാർകോഡ് കൂടാതെയും ഇപ്പോൾ ഉപഭോക്താക്കളെ സ്റ്റോറിലേക്ക് പ്രവേശിപ്പിക്കുന്നുണ്ട്. അതേസമയം, ശരീര താപനില അളക്കുന്നത് ഉൾപ്പെടെ ആരോഗ്യ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്. മാസ്കും കൈയുറയും ധരിക്കാത്തവരെയും സ്റ്റോറിലേക്ക് പ്രവേശിപ്പിക്കുന്നില്ല.
സഹകരണ സംഘങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാത്തതിനാൽ ബുക്കിങ്ങിലൂടെ തിരക്ക് നിയന്ത്രിക്കേണ്ട സാഹചര്യമില്ലാത്തതിനാലാണ് ബാർകോഡ് കൂടാതെയും ആളുകളെ കടത്തിവിടുന്നതെന്ന് സഹകരണ സംഘത്തിലെ ഉത്തരവാദപ്പെട്ട ജീവനക്കാർ പ്രതികരിച്ചു. സഹകരണ സംഘങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് ഷോപ്പിങ് ആപ് ആരംഭിച്ചത്. സിവിൽ െഎഡിയും മറ്റു വിവരങ്ങളും ഒാൺലൈനിൽ പൂരിപ്പിച്ചാൽ സഹകരണ സംഘങ്ങളിലെ ഷോപ്പിങ്ങിന് അപ്പോയിൻറ്മെൻറ് ലഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടർന്ന് മൊബൈൽ ഫോണിലേക്ക് ബാർകോഡ് അയക്കും. ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. സ്വദേശികൾക്കും വിദേശികൾക്കും സേവനം ലഭ്യമാണ്.
