
ശൈഖ് നവാഫ് അസ്സബാഹ് പുതിയ അമീർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ പുതിയ അമീറായി നിലവിലെ ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സാബാഹിനെ ചുമതലപ്പെടുത്തി. കിരീടാവകാശിയെന്ന നിലയിൽ 14 വർഷത്തിലേറെ ശൈഖ് സബാഹിന് താങ്ങും തണലുമായി നിന്ന സൗമ്യശീലനായിരുന്നു അദ്ദേഹം.
2006 ഫെബ്രുവരി 20നാണ് അദ്ദേഹം രാജ്യത്തെ ഭരണപദവിയിൽ അമീറിനുമാത്രം പിറകിൽ വരുന്ന കിരീടാവകാശി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ വിയോഗത്തെ തുടർന്ന് ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് അമീറായതോടെയാണ് സബാഹ് കുടുംബത്തിലെ മുതിർന്ന അംഗങ്ങളിലൊരാളായ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിനെ കിരീടാവകാശി പദവി തേടിയെത്തുന്നത്.
അമീറിെൻറ നേതൃത്വത്തിൽ കുവൈത്ത് പുതിയ കാലത്തിെൻറ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറിയപ്പോഴെല്ലാം ശക്തമായ പിന്തുണയും പ്രോത്സാഹനവും നൽകിയത് ശൈഖ് നവാഫ് ആണ്. 1962ൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ് 78ലും പിന്നീട് 86–88 കാലത്തും ആഭ്യന്തര മന്ത്രിയായും 88ലും 90ലും പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. 91ൽ തൊഴിൽ–സാമൂഹിക മന്ത്രാലയത്തിെൻറ ചുതമല വഹിച്ച അദ്ദേഹം 94ൽ നാഷണൽ ഗാർഡ് മേധാവിയായി.
2003ൽ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് കിരീടാവകാശിയായി ഉയർത്തപ്പെട്ടത്. ചെറിയ ഗ്രാമമായി മാത്രം അറിയപ്പെട്ടിരുന്ന ഹവല്ലി ഗവർണറേറ്റിനെ നാഗരിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിച്ചതിൽ ശൈഖ് നവാഫ് അൽ അഹ്മദിനുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്. വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നപ്പോൾ രാജ്യത്തിെൻറ വികസനത്തിന് ഏറെ സംഭാവനകളർപ്പിച്ച അദ്ദേഹം സദ്ദാം ഹുസൈെൻറ കുവൈത്ത് അധിനിവേശ കാലത്ത് അന്നത്തെ ഭരണനേതൃത്വത്തോടൊപ്പം രാജ്യത്തിെൻറ അഭിമാനം സംരക്ഷിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
