ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് പുതിയ പ്രധാനമന്ത്രി
text_fieldsപുതിയ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ്
കുവൈത്ത് സിറ്റി: മുൻ സർക്കാർ രാജിവെച്ച് മൂന്ന് മാസത്തിനു ശേഷം പുതിയ കുവൈത്ത് സർക്കാർ നിയമിതമായി. ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള അമീറിന്റെ ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങിയതായി അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പുതിയ സർക്കാറും ഉടൻ രൂപവത്കരിക്കും. 1965 മുതൽ 1977 വരെ കുവൈത്ത് ഭരിച്ചിരുന്ന 12-ാമത് അമീർ ശൈഖ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നാലാമത്തെ മകനായി 1955ലാണ് ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ജനിച്ചത്.
കാലിഫോർണിയയിലെ ക്ലെയർമോണ്ട് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഹാർവാഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മിഡിൽ ഈസ്റ്റേൺ പഠനത്തിലും പി.എച്ച്.ഡി നേടി. ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി സ്ഥാനങ്ങൾ ശൈഖ് മുഹമ്മദ് വഹിച്ചിട്ടുണ്ട്. 1993ൽ കുവൈത്ത് ഇദ്ദേഹത്തെ അമേരിക്കൻ അംബാസഡറായി നിയമിച്ചിരുന്നു. 2001 ഫെബ്രുവരി 14 വരെ വിദേശകാര്യ സഹമന്ത്രിയായി നിയമിതനാകുന്നതുവരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു. 2003 ജനുവരി മുതൽ ജൂലൈ വരെ അദ്ദേഹം ധനമന്ത്രിയായും സേവനമനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രി എന്ന നിലയിൽ തന്റെ സ്ഥാനം നിലനിർത്തിക്കൊണ്ടു തന്നെ 2006 ഫെബ്രുവരി 11 ന് ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ഉപപ്രധാനമന്ത്രിയായും നിയമിതനാവുകയായിരുന്നു.
അഴിമതിയിൽ പ്രതിഷേധിച്ച് 2011 ഒക്ടോബർ 18 ന് അദ്ദേഹം രാജിവെച്ചു. അതിനുശേഷം അദ്ദേഹം ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിൽ വിസിറ്റിങ് ഫെലോ ആയി ജോലി ചെയ്യുകയുമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

