പാരാ അത്ലറ്റിക്സ് ഫോറം: മികച്ച പ്രകടനവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: 12-ാമത് ഷാർജ പാരാ അത്ലറ്റിക്സ് ഫോറം ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി കുവൈത്ത്. അവസാനദിവസം രണ്ട് മെഡലുകൾ കൂടി നേടി മൊത്തം മെഡലുകൾ 17 ആയി ഉയർത്തി. 1500 മീറ്ററിലും 5000 മീറ്ററിലും വീൽചെയർ റണ്ണിങ് മത്സരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയ കുവൈത്തിന്റെ ഫൈസൽ അൽ റാജി അവസാന ദിവസം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
ത്രിദിന മത്സരത്തിൽ കുവൈത്ത് ടീം അഞ്ച് സ്വർണവും എട്ട് വെള്ളിയും നാല് വെങ്കലവും നേടി. 38 രാജ്യങ്ങളിൽ നിന്നുള്ള 290 പുരുഷ-വനിത കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
കുവൈത്തിലെ താരങ്ങൾ കൈവരിച്ച മികച്ച നേട്ടത്തിൽ കുവൈത്ത് ഡിസേബിൾഡ് സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് ഷാഫി അൽ ഹജ്രി അഭിമാനം പ്രകടിപ്പിച്ചു.
നേട്ടം അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സമർപ്പിച്ചു. ദുബൈയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനായി കുവൈത്ത് ടീം തയാറെടുക്കുകയാണെന്നും കൂടുതൽ നേട്ടം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

