പരിശോധന കാമ്പയിൻ ഉടൻ ശൈത്യകാല തമ്പ് സീസൺ അവസാനിക്കാൻ ഇനി നാലുദിവസം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാല തമ്പ് സീസൺ അവസാനിക്കാൻ ഇനി നാലുദിവസം മാത്രം. മാർ ച്ച് 15 വരെയാണ് ശൈത്യകാല തമ്പുകൾ നിലനിർത്താൻ അനുമതിയുള്ളത്. അതിനുള്ളിൽ പൊളിച്ചുനീക്കാൻ തമ്പുടമകൾക്ക് മുനിസിപ്പാലിറ്റി നിർദേശം നൽകി. തമ്പുകാലം നീട്ടിയേക്കുമെന്ന തരത്തിൽ സാമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ച വാർത്തകൾ അധികൃതർ നിഷേധിച്ചു. മാർച്ച് 15 കഴിഞ്ഞ് പ്രവർത്തിക്കുന്ന തമ്പുകൾ പൊളിച്ചുനീക്കുകയും ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. മുൻവർഷങ്ങളിൽനിന്ന് വൈകിയാണ് ഇത്തവണ തമ്പ് ലൈസൻസ് അനുവദിച്ചത്. സാധാരണ നവംബർ 15 മുതൽ അനുവദിക്കാറുണ്ടായിരുന്നത് ഇത്തവണ ഡിസംബർ 31 മുതലാക്കി.
ശീതകാലത്തിനു മുന്നോടിയായി രാജ്യത്ത് അനുഭവപ്പെട്ട കനത്തമഴയിൽ മരുപ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതും ഗൾഫ് യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട കുഴിബോംബുകളുടെ സാന്നിധ്യം പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും ചൂണ്ടിക്കാട്ടിയായിരുന്നു വൈകിപ്പിക്കൽ. മാർച്ച് 16ന് മുമ്പ് ഉടമകൾ പൊളിച്ചുനീക്കാത്ത തമ്പുകൾ മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി മൂന്നുമാസത്തിനു ശേഷം സാധനസാമഗ്രികൾ ലേലം ചെയ്തു വിൽക്കും. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ തമ്പുകൾക്ക് ഇത് ബാധകമാണ്. മുന്നോടിയായി ആദ്യം തമ്പുടമകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകും. എന്നാൽ, ലൈസൻസ് ഇല്ലാത്തവർക്ക് ഇൗ ആനുകൂല്യം ലഭിക്കില്ല. പരിശോധന കാമ്പയിൻ മുനിസിപ്പാലിറ്റി ഇൗ ആഴ്ച തന്നെ ആരംഭിക്കും. ആദ്യം ലൈസൻസില്ലാത്ത തമ്പുകൾ കണ്ടെത്താനാണ് അധികൃതർ ശ്രമിക്കുക. അതുകഴിഞ്ഞാണ് ലൈസൻസുള്ള തമ്പുകൾ നിശ്ചിത സമയം കഴിഞ്ഞും നീക്കാത്തത് പിടികൂടാനിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
