‘ഷബാത്ത്’ സീസണ് തുടക്കം; ഇനി കൊടും തണുപ്പിന്റെ ദിനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഇനി കൊടും തണുപ്പിന്റെ ദിനങ്ങൾ. വരുന്ന ആഴ്ച രാജ്യത്ത് തണുപ്പ് നിറഞ്ഞതാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകലും രാത്രിയും തണുപ്പ് വർധിക്കും. രാത്രിയിൽ തണുപ്പിന്റെ തീവ്രത കൂടും. കാർഷിക മേഖലകളിലും മരുഭൂമികളിലും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്തെ തണുത്ത യൂറോപ്യൻ ഉയർന്ന മർദ്ദം ബാധിക്കുന്നുണ്ടെന്ന്. തീരപ്രദേശങ്ങളിൽ സജീവമാകുന്ന വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം വരും ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
പകൽ സമയത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ രാത്രി മൂടൽമഞ്ഞ് രൂപപ്പെടുമെന്നും ധരാർ അൽ അലി കൂട്ടിച്ചേർത്തു. പകൽ സമയത്ത് ഉയർന്ന താപനില 13-19 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. രാത്രിയിൽ താപനില 2-4 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും പ്രതീക്ഷിക്കുന്നു. ഇത് തണുപ്പിന്റെ കാഠിന്യം വർധിപ്പിക്കും. ബുധനാഴ്ച മുതൽ ശൈത്യകാലത്തിന്റെ ഉയർന്ന ഘട്ടമായ ‘ഷബാത്ത്’ സീസണും തുടക്കമായി. 26 ദിവസം നീളുന്ന ഈ ഘട്ടത്തിൽ താപനില വലിയ രീതിയിൽ കുറയുകയും തണുപ്പ് വർധിക്കുകയും ചെയ്യും.
രാജ്യത്ത് വർഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന സമയമാണിത്. 24 മുതൽ എട്ട് രാത്രികൾ നീണ്ടുനിൽക്കുന്ന കൊടും തണുപ്പിന്റെ ‘അൽ-അസിറാഖ്’ ഘട്ടവും വന്നെത്തും. ഈ ഘട്ടത്തിൽ താപനില ഗണ്യമായി കുറയുകയും തണുത്ത വടക്കൻ കാറ്റ് ശക്തമാകുകയും ചെയ്യും. അതേസമയം, രണ്ടു ദിവസമായി അനുഭവപ്പെട്ട പൊടിപടലം ബുധനാഴ്ച രാത്രിയോടെ നീങ്ങി. വ്യാഴാഴ്ച തെളിഞ്ഞ അന്തരീക്ഷമായിരുന്നു. എന്നാൽ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമായി. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശി. തണുത്ത കാറ്റിനൊപ്പം താപനിലയിലും വലിയ കുറവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

