കുവൈത്തിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക്, വൈദ്യുതി ഉപഭോഗത്തിൽ ജാഗ്രത പാലിക്കാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട്. വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അത്യുഷ്ണ കാലാവസ്ഥയും നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെടും. കാറ്റിന്റെ വേഗത മണിക്കൂറിൽ 15 മുതൽ 60 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
തുറസ്സായ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം പൊടിപടലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാത്രിയിലും കനത്ത ചൂട് തുടരും. രാത്രി കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് പ്രതീക്ഷ.
പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കണം. പുറത്തിറങ്ങുന്നവർ വെയിൽ ഏൽക്കാതെ തൊപ്പിയോ, കുടയോ കരുതണം. അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു.
വ്യാഴാഴ്ച മുതൽ രാജ്യത്ത് കടുത്ത ചൂടിന്റെ ഘട്ടമായ രണ്ടാം'ജെമിനി'സീസൺ ആരംഭിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസണിൽ താപനില ഉയർന്ന നിലയിലെത്തുന്നത് പതിവാണ്.
വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധ വേണം
കുവൈത്ത് സിറ്റി: ചൂടുകാലത്ത് വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധപുലർത്താൻ ഉണർത്തി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. രാജ്യത്തെ ഉയർന്ന ചൂട് വൈദ്യുതി ഉപയോഗത്തിൽ വർധനവുണ്ടാക്കിയിട്ടുണ്ട്.
എയർ കണ്ടീഷണറുകൾ 24 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ താപനിലയിൽ ക്രമീകരിക്കുക, ലൈറ്റുകളും ഉപയോഗത്തിലില്ലാത്ത ഉപകരണങ്ങളും അണക്കുക, രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയുള്ള തിരക്കേറിയ സമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക എന്നിവയിൽ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

