ശക്തമായ തണുപ്പ് തുടരുന്നു; കരി വിപണി സജീവം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ തണുപ്പ് തുടരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടുത്ത തണുപ്പാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തണുപ്പിനൊപ്പം സജീവമായ കാറ്റും പ്രകടമായിരുന്നു. ഇത് പുറത്തിറങ്ങുന്നവരെ ബാധിച്ചു. ജനങ്ങൾ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ അണിഞ്ഞാണ് പുറത്തിറങ്ങുന്നത്. നിലവിലെ സഥിതി ബുധനാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥ സൂചന. ചിലയിടങ്ങളിൽ മഞ്ഞുരൂപപ്പെടാനും സാധ്യതയുണ്ട്. വ്യാഴാഴ്ച താപനിലയിൽ അൽപം ഉയർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, ശൈത്യം ആരംഭിച്ചതോടെ കരിവിപണി സജീവമായി. തണുപ്പ് കൂടുകയും ക്യാമ്പിങ് സീസൺ സജീവമാകുകയും ചെയ്തതോടെ കരി വിൽപ്പന 75 ശതമാനത്തിലധികം വർധിച്ചതായി വ്യാപാരികൾ വ്യക്തമാക്കി. വിവിധ ക്യാമ്പുകളിലെ ക്യാമ്പ് ഫയർ, ചൂടാക്കൽ, ഗ്രില്ലിങ്, ചായ-കാപ്പി എന്നിവ തയാറാക്കൽ എന്നിവക്കെല്ലാം കരിയാണ് കൂടുതൽ ആശ്രയിക്കുന്നത്. തണുപ്പ് സീസണിൽ ഇവയുടെ ഉപയോഗം വർധിക്കുന്നത് പതിവാണ്. വേഗത്തിൽ കത്തുകയും പുക കുറവുമായതിനാൽ ആഫ്രിക്കൻ കരിക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്നും വിൽപ്പനക്കാർ വ്യക്തമാക്കി.
വിലയിൽ വലിയ മാറ്റമില്ലെങ്കിലും കടകളുടെ എണ്ണം കുറഞ്ഞതോടെ ചില സ്ഥലങ്ങളിൽ ചെറിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ശൈത്യകാലത്ത് പ്രതിദിനം 150 മുതൽ 250 ചാക്ക് വരെ കരി വിൽപ്പന നടക്കുന്നുണ്ടെന്നും തണുപ്പ് ശക്തമാകുന്നതനുസരിച്ച് ഡിമാൻഡ് ഇനിയും ഉയരുമെന്നുമാണ് വിപണിയിലെ വിലയിരുത്തൽ. അതിനിടെ തണുപ്പ് സീസൺ എത്തിയതോടെ രാജ്യത്ത് ഷീഷെകളും സജീവമായിട്ടുണ്ട്. ഇവയിലും കരി ഉപയോഗം വലിയരൂപത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

