നിയമലംഘനങ്ങളിൽ നിരവധി പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളിൽ നിരവധി പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വഞ്ചന, വൈൻ ഫാക്ടറി നടത്തിപ്പ്, സഹകരണ സംഘങ്ങളിലെയും ആരോഗ്യ ക്ലിനിക്കുകളിലെയും തൊഴിലാളികളെ കടത്തിയ സംഭവം എന്നീ കേസുകളിലാണ് പ്രതികൾ പിടിയിലായത്.
ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പ്രതിനിധാനം ചെയ്യുന്ന ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ആളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്ന ആഫ്രിക്കൻ പൗരനായ ഒരാളെ അറസ്റ്റ് ചെയ്തു. ഖൈത്താൻ മേഖലയിൽ പ്രാദേശിക വൈൻ ഫാക്ടറി നടത്തുന്ന രണ്ടു പേരെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തു. നിരവധി ബാരലുകളിൽ ലഹരി വസ്തുക്കളും വിൽപനക്ക് തയാറായ കുപ്പികളും ഇവരിൽനിന്ന് കണ്ടെത്തി.
ഒറിജിനലല്ലാത്ത സ്വർണക്കട്ടികൾ വിവിധ സ്റ്റോറുകളിൽ വിറ്റ് തട്ടിപ്പ് നടത്തുന്ന രണ്ടുപേരെ കാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പിടികൂടി. സഹകരണ സംഘങ്ങളിലെയും ആരോഗ്യ ക്ലിനിക്കുകളിലെയും തൊഴിലാളികളെ കടത്തിയ രണ്ടു പേരെ ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തു. മറ്റ് ആറു കേസുകൾ ഇവർക്കെതിരെ ഉണ്ടെന്നും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. എല്ലാ പ്രതികളെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

