ഗോത്രവർഗ പ്രൈമറി തെരഞ്ഞെടുപ്പിൽ പങ്കെടുത്ത നിരവധി പേർ അറസ്റ്റിൽ
text_fieldsകുവൈത്ത്
നിയമപ്രകാരം ഗോത്രവർഗ പ്രൈമറി തിരഞ്ഞെടുപ്പ്
നിരോധിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി: രാജ്യത്ത് നിരോധിച്ച ഗോത്രവർഗ പ്രൈമറി തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് നിരവധി പേർ അറസ്റ്റിൽ. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിരവധി പ്രദേശങ്ങളിൽ ഡിറ്റക്ടിവുകൾ നടത്തിയ റെയ്ഡിൽ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ബാലറ്റ് ബോക്സുകളും ഉപകരണങ്ങളും പിടിച്ചെടുത്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന പ്രദേശങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല.
കുവൈത്ത് നിയമപ്രകാരം ഗോത്രവർഗ പ്രൈമറി തിരഞ്ഞെടുപ്പ് നിരോധിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കും.
15 വർഷം മുമ്പ് നിരോധിച്ചിരുന്നെങ്കിലും ഗോത്രങ്ങളും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളും അവ പതിവായി നടത്തുകയും ഫലങ്ങൾ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിക്കുകയും പതിവാണ്.
ഇതിനെതിരെ നിരവധി കേസുകൾ കോടതിയിലെത്തിയിട്ടുണ്ട്. ജഹ്റയിലെ ഷമ്മാരി ഗോത്രത്തിൽനിന്നുള്ള ഒരു എം.പിയെയും മുൻ എം.പിയെയും ക്രിമിനൽ കോടതി അടുത്തിടെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസ് ഇപ്പോൾ കോടതിയുടെ മുന്നിലാണ്.
അതിനിടെ, സുലൈബീകാത്ത് മേഖലയിലാണ് പ്രാഥമിക തിരഞ്ഞെടുപ്പ് നടന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായവരെ കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
