ഇന്ത്യൻ എംബസിയിലെ നിസ്തുല സേവനം; മൂന്നൂ പതിറ്റാണ്ടിനെ അടയാളപ്പെടുത്തി അബ്ദുല്ല നാട്ടിലേക്ക്
text_fieldsകുവൈത്തിലെ ഇന്ത്യൻ അംബാസഡർ
ഡോ.ആദർശ് സ്വൈകക്കൊപ്പം അബ്ദുല്ല
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ മൂന്നു പതിറ്റാണ്ടിന്റെ നിസ്തുല സേവനങ്ങൾക്കുശേഷം മലയാളിയായ അബ്ദുല്ല കൊല്ലോറത്ത് നാട്ടിലേക്ക് മടങ്ങുന്നു. കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വ്യാഖ്യാതാവ്, അംബാസഡറുടെ സോഷ്യൽ സെക്രട്ടറി, അംബാസഡറുടെ പ്രസ് സെക്രട്ടറി എന്നീ നിലകളിൽ 30 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് അബ്ദുല്ലയുടെ മടക്കം. കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കും പ്രത്യേകിച്ച് മലയാളികൾക്കും വിവിധ വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അബ്ദുല്ലയുടെ ഇടപെടൽ വലുതായിരുന്നു.
തൊഴിൽ പ്രശ്നങ്ങൾ, നിയമ പ്രശ്നങ്ങൾ, ചൂഷണങ്ങൾ, മരണം, അപകടം എന്നിവക്കെല്ലാം എംബസി സഹായം ആവശ്യമുള്ളപ്പോൾ മലയാളികൾ ആദ്യം സമീപിക്കുന്നതും അബ്ദുല്ലയെ ആയിരുന്നു. എല്ലാ വിഷയങ്ങളിലും എംബസിയുടെ ഇടപെടൽ അബ്ദുല്ല ഉറപ്പാക്കി. എംബസിക്കും മലയാളികൾക്കും ഇടയിൽ പാലമായും ഇത്തരത്തിൽ അബ്ദുല്ല നിലകൊണ്ടു.
മൂന്നു പതിറ്റാണ്ടു മുമ്പ് കുവൈത്തിൽ എത്തിയ അബ്ദുല്ല അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, മാസ് കമ്യൂണിക്കേഷൻസിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദവും, കുവൈത്ത് സർവകലാശാലയിൽ നിന്ന് വിവർത്തനത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ജേർണലിസം ആയിരുന്നു പ്രിയപ്പെട്ട വിഷയം. ‘മാധ്യമം’ പത്രത്തിലും ‘കുവൈത്ത് ടൈംസിലും’ ഇംഗീഷിലും അറബിയിലും മലയാളത്തിലും നിരവധി വാർത്തകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കുവൈത്ത് മുൻ അമീർ ശൈഖ് ജാബിർ അൽ അഹമ്മദ് അസ്സബാഹിനെ കുറിച്ച് പുസ്തകവും രചിച്ചിട്ടുണ്ട്. ശൈഖ് ‘ജാബിർ അൽ അഹമ്മദ് അസ്സബാഹ്, ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു’ എന്ന പുസ്കം ഏറെ ചർച്ചയാകുകയും ചെയ്തു.
കോഴിക്കോട് പേരാമ്പ്ര പന്തിരിക്കര സ്വദേശിയായ അബ്ദുല്ലയുടെ ഭാര്യ അസ്മ കുവൈത്ത് ഡി.പി.എസിൽ മുൻ അധ്യാപകിയാണ്. മക്കൾ: ഡോ.ഹിബ, ഹനാൻ, ഹസീബ്. തിങ്കളാഴ്ച നാട്ടിലേക്ക് തിരിക്കുന്ന അബ്ദുല്ലക്ക് കുവൈത്ത് പൂർണമായും ഉപേക്ഷിച്ചു പോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇടക്ക് സന്ദർശകനായി മടങ്ങിയെത്താം എന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

