സുരക്ഷ റെയ്ഡ്: ജലീബ് അൽ ശുയൂഖിൽനിന്ന് ആളുകൾ വ്യാപകമായി ഒഴിയുന്നു
text_fieldsജലീബ് അൽ ശുയൂഖ് പ്രദേശം
കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ റെയ്ഡുകൾ ശക്തമായി നടക്കവേ രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായ ജലീബ് അൽ ശുയൂഖിൽനിന്ന് ആളുകൾ വ്യാപകമായി ഒഴിഞ്ഞുപോകുന്നതായി ഔദ്യോഗിക കണക്കുകൾ. 2019 ൽ ഏകദേശം 3,28,000 ആളുകൾ ഉണ്ടായിരുന്ന ഇവിടെ 56,779 പേർ വിവിധ മേഖലകളിലേക്ക് മാറിത്താമസിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2021 അവസാനത്തോടെ ജനസംഖ്യ 2,71,000 ആയി കുറഞ്ഞു.
കോവിഡ് സമയത്തെ അടച്ചുപൂട്ടലുകളും നിലവിൽ നടക്കുന്ന സുരക്ഷ റെയ്ഡുകളുമാണ് ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതിനുള്ള കാരണങ്ങളായി കണക്കാക്കുന്നത്. അബ്ബാസിയ, ഹസാവി എന്നീ രണ്ട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ജലീബ് അൽ ശുയൂഖിൽ മലയാളികളടക്കമുള്ള പ്രവാസികൾ ധാരാളമായി അധിവസിക്കുന്നുണ്ട്.
കോവിഡ് കാലത്ത് അടച്ചുപൂട്ടിയ സ്ഥാപനങ്ങളും നിക്ഷേപ പദ്ധതികളും വീണ്ടും തുറക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടയിൽ കൂടിയാണ് പ്രദേശത്തുനിന്നും മലയാളി പ്രവാസികളടക്കം കൂട്ടത്തോടെ സ്ഥലം മാറിപ്പോവുന്നത്.
ഇഖാമ ലംഘകരെ തേടി കൂടുതൽ സുരക്ഷ റൈഡുകൾ നടക്കുന്നതിനാൽ സ്ഥലം മാറിപ്പോവുന്നവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഈ വർഷം റസിഡൻസി നിയമലംഘകരുടെ എണ്ണം 50 ശതമാനം കുറക്കാൻ സർക്കാർ പദ്ധതിയിടുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

