കുവൈത്ത്: ഫലസ്തീന് സഹായവുമായി രണ്ടാമത്തെ വിമാനം അയച്ചു
text_fieldsഫലസ്തീനുള്ള സഹായവസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിന്റെ ദുരിതം പേറുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങളുമായി കുവൈത്ത്. ചൊവ്വാഴ്ച പത്ത് ടൺ സാമഗ്രികളുമായി ഗസ്സയിലേക്ക് കുവൈത്ത് രണ്ടാമത്തെ ദുരിതാശ്വാസ വിമാനം അയച്ചു. കുവൈത്ത് നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായ വിതരണം ഏകോപിപ്പിക്കുന്നത്.
ഇന്റർ നാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ), അൽ സലാം ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി, കെ.ആർ.സി.എസ്, കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് എന്നിവ സഹകരണത്തിൽ മുന്നിലുണ്ട്.
ഫലസ്തീനികൾക്കുള്ള അടിയന്തര മാനുഷിക സഹായവുമായി കുവൈത്തിന്റെ ആദ്യ വിമാനം തിങ്കളാഴ്ച പുറപ്പെട്ടിരുന്നു. മെഡിക്കൽ സപ്ലൈകളും ആംബുലൻസുകളും മറ്റു അവശ്യ വസ്തുക്കളും അടങ്ങിയ 40 ടൺ വസ്തുക്കളുമായാണ് തിങ്കളാഴ്ച വിമാനം പുറപ്പെട്ടത്. ഈജിപ്ഷ്യൻ, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികൾ തമ്മിലുള്ള ഏകോപനത്തിലാണ് സഹായവിതരണം.
സംഭാവനകള്‍ അർഹരായവരിലെക്കെത്തിക്കും
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കുള്ള സംഭാവനകള്‍ അർഹരായവരിലേക്ക് എത്തിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് സാരി അൽ മുതൈരി അറിയിച്ചു. ആവശ്യമായ സഹായങ്ങള്‍ എത്രയും വേഗം എത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അസോസിയേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഗസ്സ പ്രതിസന്ധിയുടെ തുടക്കം മുതൽ ചാരിറ്റികളുമായി ആശയവിനിമയം നടത്താൻ മന്ത്രാലയം മുൻകൈയെടുത്തുവെന്ന് അൽ മുതൈരി വ്യക്തമാക്കി.
സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ചാരിറ്റി സംഘടനകൾക്ക് മാത്രമാണ് കുവൈത്തില്‍ പണപ്പിരിവിന് അനുമതിയുള്ളത്. ലൈസൻസില്ലാത്തതായ സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അൽ മുതൈരി പറഞ്ഞു. സംഭാവനകൾ പണമായി സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്.
കെ- നെറ്റ്, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴിമാത്രമെ സംഭാവനകൾ വാങ്ങാവൂ. സാമൂഹികകാര്യ മന്ത്രാലയത്തില്‍നിന്ന് മുൻകൂർ അനുമതി വാങ്ങാതെ ധനസമാഹരണ കാമ്പയിനുകൾ ആരംഭിക്കുന്നതിൽനിന്ന് വ്യക്തികളും ഗ്രൂപ്പുകളും വിട്ടുനിൽക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
സഹായഹസ്തത്തിന് നന്ദി അറിയിച്ച് ഫലസ്തീന്
കുവൈത്ത് സിറ്റി: ഫലസ്തീനികൾക്കുള്ള കുവൈത്തിന്റെ സഹായഹസ്തത്തിന് നന്ദി അറിയിച്ച് ഫലസ്തീന് അംബാസഡര്‍. എയർ ബ്രിഡ്ജ് ആരംഭിച്ച തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഇത്തരം സഹായങ്ങള്‍ ഫലസ്തീന് ജനതക്ക് ഏറെ ആശ്വാസകരമാകുമെന്നും കുവൈത്തിലെ ഫലസ്തീന് അംബാസഡര്‍ റാമി തഹ്ബൂബ് പറഞ്ഞു.
ജറൂസലമിനെ തലസ്ഥാനമാക്കി ഫലസ്തീന് സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നതിന് എന്നും ഉറച്ച പിന്തുണയാണ് കുവൈത്ത് നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു. കുവൈത്ത് അമീറിനും, കിരീടാവകാശിക്കും, കുവൈത്ത് ഭരണകൂടത്തിനും ജനങ്ങൾക്കും റാമി തഹ്ബൂബ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

