കടൽ വിനോദങ്ങൾ തിരിച്ചെത്തുന്നു; രാവിലെ അഞ്ചു മുതൽ വൈകുന്നേരം ഏഴു വരെ ബോട്ട് സർവിസ് നടത്താം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഉൾക്കടലിൽ വിനോദ, മത്സ്യബന്ധന ബോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര നിരോധനം നീക്കി. ഞായറാഴ്ച മുതൽ ഇവക്ക് പകൽ യാത്ര ചെയ്യാൻ അനുവാദം നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വകാര്യ ബോട്ടുകൾക്ക് രാവിലെ അഞ്ചു മുതൽ വൈകുന്നേരം ഏഴു വരെ സർവീസ് നടത്താം. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡ് തീരുമാനം.
അംഗീകൃത സമുദ്ര ഭൂപടങ്ങൾ അനുസരിച്ച് യാത്രക്ക് നിയുക്ത പ്രദേശങ്ങൾ മാത്രം തെരഞ്ഞെ ടുക്കാനും എണ്ണ, മറ്റ് സുപ്രധാന മേഖലകളെയും സമീപിക്കുന്നത് ഒഴിവാക്കാനും തീരസംരക്ഷണ സേന ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ (നേവി) ശൈഖ് മുബാറക് അലി യൂസഫ് അസ്സബാഹ് ഉണർത്തി.
സമുദ്ര സഞ്ചാരത്തിനിടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എ.ഐ.എസ്) സജീവമാക്കി നിലനിർത്തണം. ഇത് സമുദ്ര നിരീക്ഷണം വർധിപ്പിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ദ്രുത പ്രതികരണം സുഗമമാക്കുന്നതിനും സഹായിക്കും.
കുവൈത്ത് കടലിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിനോദ ബോട്ടുകളുടെയും മത്സ്യബന്ധന കപ്പലുകളുടെയും ഉടമകൾ സഹൽ ആപ്ലിക്കേഷൻ വഴി പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽ നിന്ന് ക്യു.ആർ കോഡ് നേടണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തീരസംരക്ഷണ സേന സമുദ്ര സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ചട്ടങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കാനും ആവശ്യപ്പെട്ടു. ഉൾക്കടലിനുള്ളിൽ വിനോദ മത്സ്യബന്ധന ബോട്ടുകൾക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതായി പരിസ്ഥിതി പബ്ലിക് അതോറിറ്റിയും വ്യക്തമാക്കി. കുവൈത്ത് ഉൾക്കടൽ പ്രത്യേക പ്രാധാന്യമുള്ളതാണെന്നും നിരവധി ഇനം മത്സ്യങ്ങൾ, സമുദ്രജീവികൾ, തീരദേശ സസ്യങ്ങൾ എന്നിവയുടെ പ്രാഥമിക പ്രജനന കേന്ദ്രമാണെന്നും സൂചിപ്പിച്ചു. പ്രകൃതിദത്ത ആവാസ വ്യവസ്ഥ, രാജ്യത്തിന്റെ കുടിവെള്ള സ്രോതസ് എന്നിവ കണക്കിലെടുത്ത് മലിനീകരണ വസ്തുക്കളിൽ നിന്ന് അതിനെ സംരക്ഷിക്കാനും സന്ദർശകരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

