ശാസ്ത്രകൗതുകങ്ങളുടെ ചെപ്പുതുറന്ന് ‘സയന്റിയ-2023’
text_fields‘സയന്റിയ-2023’ സയൻസ് ഫെസ്റ്റിവലിൽനിന്ന്
കുവൈത്ത് സിറ്റി: കുട്ടികളിലെ ശാസ്ത്രാഭിരുചിയും ഗവേഷണ താൽപര്യവും തൊട്ടുണർത്തി ‘സയന്റിയ-2023’ സയൻസ് ഫെസ്റ്റിവൽ.കല കുവൈത്തിന്റെയും ബാലവേദിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മേള വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഖൈത്താൻ കാരമൽ സ്കൂളിൽ നടന്ന മേളയിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.
സയൻസ് ഫെസ്റ്റിവൽ, മാത്തമാറ്റിക്സ്, വർക്ക് എക്സ്പീരിയൻസ്, സോഷ്യൽ സയൻസ്, ഐ.ടി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആവേശത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്. സയൻസ് ക്വിസ്, അബാക്കസ്, റൂബിക്സ് ക്യൂബ് മത്സരം എന്നിവയിൽ വലിയ പങ്കാളിത്തം ഉണ്ടായി. വിവിധ സ്റ്റാളുകളിലായി ഒരുക്കിയ എക്സിബിഷൻ കാണികൾക്ക് കൗതുകമായി.
കുട്ടികൾ തത്സമയം നിർമിച്ച വസ്തുക്കൾക്കൊപ്പം നിർമാണം പൂർത്തിയാക്കി എത്തിച്ച വസ്തുക്കളുടെ പ്രദർശനവും ഉണ്ടായി. കളിപ്പാട്ടങ്ങൾ, കൗതുക വസ്തുക്കൾ, നൂലുകൊണ്ടും ചെറു വസ്തുക്കൾകൊണ്ടും നിർമിച്ച പൂക്കൾ, തെർമോകോൾ വീടുകൾ, ചിത്രങ്ങൾ, വിവിധ സന്ദേശങ്ങൾ പങ്കുവെക്കുന്ന നിർമാണങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ ഒരുങ്ങി. സയൻസ് സെമിനാറും, കരിയർ ഗൈഡൻസ് ക്ലാസും മേളയുടെ ഭാഗമായി നടന്നു.
കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ്, പ്രസിഡന്റ് കെ.കെ. ശൈമേഷ്, ട്രഷറർ അജ്നാസ്, ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ്, സയന്റിയ-2023 ജനറൽ കൺവീനർ ശങ്കർ റാം എന്നിവർ നേതൃത്വം നൽകി. രാവിലെ ആറരക്ക് ആരംഭിച്ച മേളയിലേക്ക് ഒരുമണി മുതൽ പൊതു ജനങ്ങൾക്കും പ്രവേശനം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

