കുവൈത്തിന് ഷെങ്കൻ വിസ; യൂറോപ്യൻ പാർലമെന്റ് കമ്മിറ്റി വോട്ടെടുപ്പ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെയും ഖത്തറിലെയും പൗരന്മാർക്ക് ഷെങ്കൻ വിസ അനുവദിക്കുന്ന കാര്യത്തിൽ യൂറോപ്യൻ പാർലമെന്റ് കമ്മിറ്റി വ്യാഴാഴ്ച വോട്ടെടുപ്പ് നടത്തും. പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തരകാര്യങ്ങൾ എന്നിവക്കുള്ള യൂറോപ്യൻ പാർലമെന്റ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കി. വിഷയത്തിൽ ഈ മാസം 17ന് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, കുവൈത്തിൽ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കിയത് രാഷ്ട്രീയ ചർച്ചയാകുകയും വോട്ടെടുപ്പ് മാറ്റിവെക്കുകയുമായിരുന്നു.
ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി സഞ്ചരിക്കാൻ കഴിയും. കുവൈത്തിനും ഖത്തറിനും ഇത് അനുവദിക്കുന്നത് ഏറെക്കാലത്തെ ചർച്ചയാണ്. ഇതിന്റെ നടപടികളുമായി യൂറോപ്യൻ പാർലമെന്റ് മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായത്.
കുവൈത്തിലെ വധശിക്ഷക്കെതിരെ യൂറോപ്യൻ യൂനിയനും യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിനാസും രംഗത്തെത്തിയിരുന്നു. വധശിക്ഷ ഷെങ്കൻ വിസ നടപടികളെ ബാധിക്കുമെന്ന് മാർഗരിറ്റിസ് ഷിനാസ് മുന്നറിയിപ്പും നൽകി. ഇതിന് പിറകെയാണ് ഈ മാസം 17ന് യൂറോപ്യൻ പാർലമെന്റ് വോട്ടെടുപ്പ് മാറ്റിവെച്ചത്.
എന്നാൽ, ഇതിനെതിരെ കുവൈത്ത് ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടൽ വേണ്ടെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് നയം വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയിലും വിധികളിലും പുറത്തുള്ളവർ ഇടപെടുന്നതിനെ ശക്തമായി നിരാകരിച്ച ശൈഖ് സലീം, ജുഡീഷ്യൽ തീരുമാനങ്ങൾ സ്വതന്ത്രമാണെന്നും ചൂണ്ടിക്കാട്ടി.
കുവൈത്തിനെതിരായ പ്രസ്താവനകളെ അറബ്പാർലമെന്റും തള്ളി. കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെയും അറബ്പാർലമെന്റ് ചോദ്യംചെയ്തു. ലോകത്തിലെ 36 രാജ്യങ്ങളുമായി ഷെങ്കൻ വിസ കരാറുകൾ യൂറോപ്യൻ യൂനിയനുഉണ്ട്. ഇതിൽ 24 രാജ്യങ്ങളിൽ വധശിക്ഷ നിലവിലുണ്ടെന്നു മുഹമ്മദ് അൽ ഹുവൈല എം.പി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പശ്ചാത്തലത്തിൽ വ്യാഴാഴ്ചയിലെ വോട്ടെടുപ്പ് കുവൈത്തിനും ഖത്തറിനുമൊപ്പം യൂറോപ്യൻ രാഷ്ട്രങ്ങളും ഉറ്റുനോക്കുകയാണ്. കുവൈത്തിനും ഖത്തറിനും അനുകൂലമായി യൂറോപ്യൻ പാർലമെന്റ് കമ്മിറ്റി വോട്ട് രേഖപ്പെടുത്തിയാൽ, അംഗീകാരത്തിനായി മുഴുവൻ അംഗങ്ങളും ഉൾപ്പെടുന്ന പാർലമെന്റിന് മുമ്പാകെ വിഷയം എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

