കുവൈത്ത് സിറ്റി: 'കാലാതീതമായ ഇന്ത്യയുടെ ദൃശ്യങ്ങൾ' പ്രമേയത്തിൽ കുവൈത്ത് ആർട്സ് അസോസിയേഷനും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന കലാപ്രദർശനം കാണാൻ ഇൻറർനാഷനൽ വിമൻസ് ഗ്രൂപ് പ്രതിനിധികൾ എത്തി. പ്രസിഡൻറ് ക്രിസ്റ്റീന ബാൽഡോച്ചിയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശിച്ചത്. 10 ദിവസം നീളുന്ന പ്രദർശനത്തിൽ ജോയ്സ് സിബി എണ്ണഛായത്തിൽ വരച്ച 40 ചിത്രങ്ങളാണുള്ളത്.
ഇതോടൊപ്പം എല്ലാ ദിവസവും നടക്കുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാപരിപാടികളും സാംസ്കാരികോത്സവത്തിന് മിഴിവേകുന്നു. ജോയ്സ് സിബി ജോർജിന് ഇൻറർനാഷനൽ വിമൻസ് ഗ്രൂപ്പിെൻറ ഉപഹാരം കൈമാറി. ഇന്ത്യയുടെ വൈവിധ്യവും സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന ചിത്രങ്ങളും കലാപരിപാടികളും വിമൻസ് ഗ്രൂപ്പിനെ ആകർഷിച്ചു. സെപ്റ്റംബർ 30വരെ ഹവല്ലി അൽ മുതസിം സ്ട്രീറ്റിലുള്ള കുവൈത്ത് ആർട്സ് അസോസിയേഷൻ ഗാലറിയിൽ വൈകീട്ട് അഞ്ചു മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം.