സൗദി കിരീടാവകാശിയുടെ സന്ദർശനം പരാജയമെന്ന പ്രചാരണം തള്ളി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ സൽമാെൻറ കുവൈത്ത് സന്ദർശനം പരാജയമായിരുന്നുവെന്ന പ്രചാരണം കുവൈത്ത് തള്ളി. സന്ദർശനം പ്രതീക്ഷിച്ച പോലെ വിജയമായിരുന്നില്ലെന്ന് മറ്റുരാജ്യങ്ങളിൽനിന്നുള്ള മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളുമാണ് പ്രചരിപ്പിച്ചത്. രാജകീയ സ്വീകരണമാണ് ശൈഖ് മുഹമ്മദ് ബിൻ സൽമാന് കുവൈത്ത് നൽകിയത്. കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ചത് മുതൽ എഫ് 18 വിമാനം അകമ്പടി സേവിച്ചു. അമീറിെൻറ വിരുന്നിലും സൗദി സംഘം സംബന്ധിച്ചു. മുഹമ്മദ് ബിൻ സൽമാെൻറ സന്ദർശനം പെെട്ടന്ന് അവസാനിച്ചതും സുപ്രധാന പ്രഖ്യാപനങ്ങളൊന്നും ഇല്ലാതിരുന്നതുമാണ് അഭ്യൂഹത്തിന് ഇടയാക്കിയത്. ഞായറാഴ്ച രാത്രി 8.45ന് കുവൈത്തിലെത്തിയ അദ്ദേഹം രണ്ടുമണിക്കൂർ മാത്രമാണ് ഇവിടെ ചെലവഴിച്ചത്. നേരത്തേ ശനിയാഴ്ച എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഞായറാഴ്ചയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് 5.30 മുതൽ വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഗതാഗതക്രമീകരണം വരുത്തിയിരുന്നു.
ഖത്തറുമായി ബന്ധപ്പെട്ട ജി.സി.സി പ്രശ്നം പ്രധാന അജണ്ടയാവുമെന്ന് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സന്ദർശനാനന്തരം ഇതുസംബന്ധിച്ച് വിശദീകരണമൊന്നുമുണ്ടായില്ല. സൗദി, കുവൈത്ത് അതിർത്തി പ്രദേശത്തെ സംയുക്ത എണ്ണ ഖനനമാണ് പ്രധാനമായും ചർച്ച ചെയ്തതെന്നാണ് സൂചന. വൈകാതെ ഖനനം പുനരാരംഭിക്കാൻ ധാരണയായിട്ടുണ്ട്. സൗദി കിരീടാവകാശിയുടെ സന്ദർശനം വിജയമായിരുന്നുവെന്ന് കുവൈത്ത് മന്ത്രിസഭയും വിലയിരുത്തി. പ്രധാനമന്ത്രിയുടെ അഭാവത്തിൽ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന വാരാന്ത മന്ത്രിസഭാ യോഗമാണ് സൗദി കിരീടാവകാശിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന് കരുത്തു പകർന്നതായി വിലയിരുത്തിയത്.
മുഹമ്മദ് ബിൻ സൽമാന് കുറ്റമറ്റ രീതിയിൽ സ്വീകരണം ഒരുക്കാനായതിൽ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ 73ാമത് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് നടത്തിയ പ്രസംഗം ലോകം ശ്രദ്ധാപൂർവമാണ് വീക്ഷിച്ചത്. ലോകരാജ്യങ്ങൾക്കിടയിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനുള്ള സ്ഥാനം യു.എൻ സമ്മേളനത്തിെൻറ വിവിധ സെഷനുകളിൽ ബോധ്യപ്പെടുകയുണ്ടായി. അസ്ഥിരത തുടരുന്ന രാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അവശ സമൂഹങ്ങൾക്ക് സഹായം എത്തിക്കുന്നതിനും കുവൈത്ത് കാണിക്കുന്ന താൽപര്യം ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഫലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാട് ആവർത്തിക്കാനും യു.എൻ സമ്മേളനത്തിലൂടെ കുവൈത്തിന് സാധിച്ചെന്നും മന്ത്രിസഭ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
