ഈ വർഷം ആയിരം ബിദൂനികൾക്ക് സൗദി ഹജ്ജ് വിസ നൽകും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ബിദൂനികൾക്ക് ഹജ്ജിന് പോകാനുള്ള തടസ്സം നീങ്ങിയതോടെ വിശുദ്ധ ഹജ്ജ് കർമത്തിനായി അവരെ മക്കയിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇരു രാജ്യങ്ങളും ആരംഭിച്ചു.
ഇക്കുറി 1000 ബിദൂനികൾക്കുള്ള ഹജ്ജ് വിസയാണ് സൗദി ഇഷ്യൂ ചെയ്യുന്നതെന്ന് ഔഖാഫ്- ഇസ്ലാമികകാര്യ മന്ത്രി മുഹമ്മദ് അൽജബ്രി പറഞ്ഞു. ഹജ്ജിന് പോകാനുള്ള അനുമതി ലഭിച്ചതോടെ ശനിയാഴ്ച വൈകുന്നേരം മുതൽ ബിദൂനികളിൽനിന്ന് ഹജ്ജ് അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ആദ്യം അപേക്ഷിക്കുന്ന ആയിരം പേരെയാണ് ഇപ്രാവശ്യത്തെ ഹജ്ജിനുവേണ്ടി തെരഞ്ഞെടുക്കുക.
ഇവർക്കായി അഞ്ച് ഹജ്ജ് ഹംലകളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. തങ്ങളോടൊപ്പം പോകുന്ന ബിദൂനികളെ ഹജ്ജ് കഴിഞ്ഞ് കുവൈത്തിൽ തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്തം ഈ ഹംലകൾക്കുണ്ട്. ഏതെങ്കിലും ബിദൂനി കുവൈത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ ബന്ധപ്പെട്ട ഹംലകൾക്കെതിരെ നടപടിയുണ്ടാകും. അതിനിടെ, കുവൈത്തിൽനിന്ന് ഹജ്ജിന് പോകുന്ന ബിദൂനികളെ വ്യോമമാർഗം മാത്രമേ പുണ്യഭൂമിയിൽ എത്തിക്കാവൂ എന്ന നിബന്ധന ഈ ഹംലകൾക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി ജബ്രി പറഞ്ഞു. കര മാർഗമോ, കടൽ മാർഗമോ ബിദൂനി ഹാജിമാരെ കൊണ്ടുപോകാൻ പാടില്ലെന്ന് ഹംലകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അൽറായി പത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി ജബ്രി കൂട്ടിച്ചേർത്തു.
സാമൂഹിക-സുരക്ഷ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിദൂനികൾക്ക് ഹജ്ജ് വിസ അനുവദിക്കുന്നത് സൗദി അധികൃതർ നിർത്തിവെച്ചിരിക്കുകയായിരുന്നു. കുവൈത്തിെൻറ നിരന്തര ഇടപെടലുകളുടെയും ചർച്ചയുടെയും ഫലമായി കഴിഞ്ഞ ദിവസമാണ് ഇവർക്ക് ഹജ്ജിന് അനുമതി നൽകണമെന്ന ആവശ്യത്തോട് സൗദി അനുകൂലമായി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.