ഡോക്ടറെ കാണാനും പല്ലെടുക്കാനും രണ്ടു ദീനാർ വീതം, ശസ്ത്രക്രിയക്ക് 35 ദീനാർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ദന്താശുപത്രികളിൽ വിദേശികൾക്ക് ഫീസ് വർധന ഏർപ്പെടുത്തിയ തീരുമാനത്തിന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബിയുടെ അംഗീകാരം. ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത വിദേശികളായ ദന്തരോഗികൾക്ക് ചികിത്സാ ഫീസുകൾ വർധിപ്പിക്കാനാണ് മന്ത്രി പ്രത്യേക ഉത്തരവിറക്കിയത്. ഇതനുസരിച്ച് ദന്താശുപത്രികളിലെത്തുന്ന വിദേശികൾക്ക് ഡോക്ടറെ കാണണമെങ്കിൽ രണ്ട് ദീനാർ കൊടുക്കണം. തുടർന്ന് വരുന്ന ഓരോ ചികിത്സകൾക്കും അധികം തുക നൽകണം.
പല്ലുപറിക്കുന്നതിന് രണ്ട് ദീനാറും പല്ല് അടക്കുന്നതിന് അഞ്ച് ദീനാറുമാണ് നിശ്ചയിച്ചത്. പല്ലിെൻറ എക്സ്റേ എടുക്കുന്നതിന് പ്രത്യേക ഫീസ് ഈടാക്കും. അതേസമയം, ഒരേസമയം ഒരു പല്ലിന് എത്ര എക്സ്റേ എടുക്കേണ്ടിവന്നാലും ഒരു പ്രാവശ്യമേ ഫീസ് കൊടുക്കേണ്ടതുള്ളൂവെന്നാണ് ഉത്തരവിലുള്ളത്. അതേസമയം, ശസ്ത്രക്രിയ വേണ്ടിവരുന്ന ദന്ത ചികിത്സക്ക് 35 ദീനാർ വേണ്ടിവരും. നേരത്തേ ഒരു ദീനാർ പരിശോധനാ ഫീസ് കൊടുത്താൽ ബാക്കി ചികിത്സയെല്ലാം സൗജന്യമായിരുന്നു. ഡോക്ടറെ കാണാനും എക്സ്റേക്കും പല്ലെടുക്കാനും വെവ്വേറെ ഫീസുകൾ അടക്കേണ്ടിവരുന്നതിനാൽ ചെറിയ ദന്ത ചികിത്സക്കുപോലും കാര്യമായി ചെലവുവരും.
മറ്റ് ആശുപത്രികളിലേതുപോലെ ദന്താശുപത്രികളിൽ ഫീസ് വർധന ഏർപ്പെടുത്താത്തതിനെ ചോദ്യം ചെയ്തുകൊണ്ട് ദന്ത ഡോക്ടർമാർ രംഗത്തുവന്നിരുന്നു. പല്ലുരോഗ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ സാമഗ്രികൾക്ക് വില ഗണ്യമായി കൂടിയ പശ്ചാത്തലത്തിൽ ദന്താശുപത്രികളെ ഫീസ് വർധനയിൽനിന്ന് മാറ്റിനിർത്തിയത് ശരിയായ തീരുമാനമായില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു. ദന്താശുപത്രികളിലും മെഡിക്കൽ ഫീസ് വർധന ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.പി. സഫാ അൽ ഹാഷിമും രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫീസ് വർധന ഇൗ മേഖലയിൽ കൂടി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
