1.75 കോടിയുടെ ജീവകാരുണ്യ പ്രവർത്തനം നടത്തി -സാന്ത്വനം കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: 2024 പ്രവർത്തന വർഷത്തിൽ 1600ഓളം രോഗികൾക്കായി ഒന്നേമുക്കാൽ കോടിയോളം രൂപയുടെ ചികിത്സാ സഹായ, സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്ന് സാന്ത്വനം കുവൈത്ത് ഭാരവാഹികൾ അറിയിച്ചു. ഇതിൽ കുവൈത്തിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർധന രോഗികളും പ്രതിമാസ തുടർചികിത്സ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ് രോഗികളും ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന സാമ്പത്തിക പിന്നാക്കം നിൽക്കുന്ന കുട്ടികളും നാട്ടിൽ നടപ്പാക്കുന്ന പ്രത്യേക വാർഷിക സാമൂഹികക്ഷേമ പദ്ധതികളും ഉൾപ്പെടുന്നു.
എല്ലാ വർഷവും നടപ്പാക്കി വരുന്ന പ്രത്യേക സാമൂഹ്യക്ഷേമ പദ്ധതിയിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പശുപ്പാറയിൽ പാലിയേറ്റീവ് കെയർ ആൻഡ് കമ്യൂണിറ്റി സെന്റർ നിർമാണം പുരോഗമിക്കുകയാണ്. ഒപ്പം മുൻ വർഷത്തെ പ്രത്യേക പദ്ധതിയായ കാസർകോട് കരിന്തളത്തെ ഫിസിയോ തെറാപ്പി സെന്റർ നിർമ്മാണം പൂർത്തിയായി പൊതുജനങ്ങൾക്ക് സൗജന്യ ഫിസിയോതെറാപ്പി സേവനം നൽകിത്തുടങ്ങി. പ്രതിദിനം 20ഓളം നിർധന രോഗികൾ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ കാൻസർ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, എല്ലാ ജില്ലകളിലുമുള്ള വിവിധ സന്നദ്ധ സംഘടനകൾ, തുടങ്ങിയവക്കുള്ള സഹായങ്ങളും നൽകിവരുന്നു.
ഏറ്റവുമധികം കാൻസർ ബാധിതരുള്ള കൊല്ലം ജില്ലയിലെ നീണ്ടകരയിൽ, തുടക്കത്തിലെ തന്നെ കാൻസർ കണ്ടെത്തുന്നതിനുള്ള തിരുവനന്തപുരം ആർ.സി.സിയുടെ മൊബൈൽ വാൻ ക്ലിനിക്, വയനാട്ടിലെ മേപ്പാടിയടുത്ത് ഫിസിയോ തെറാപ്പി സെന്റർ, വിദ്യാഭ്യാസ സഹായ പദ്ധതി, തിരുവനന്തപുരം വിശ്രാം സങ്കേതിലെ രോഗികൾക്കുള്ള സൗജന്യ താമസം- എന്നിങ്ങനെ 55 ലക്ഷം രൂപയുടെ പദ്ധതികളാണ് ഈ വർഷം നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ 24 വർഷത്തിനിടെ 19 കോടിയുടെ സഹായം നൽകാൻ കഴിഞ്ഞുവെന്നും സാന്ത്വനം കുവൈത്ത് ഭാരവാഹികൾ വ്യക്തമാക്കി
സാന്ത്വനം വാർഷിക പൊതുയോഗം ഇന്ന്
കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്തിന്റെ 24ാമത് വാർഷിക പൊതുയോഗം വെള്ളിയാഴ്ച വൈകീട്ട് 4.30ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഹാളിൽ നടക്കും. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും കണക്കും യോഗത്തിൽ അവതരിപ്പിക്കും. ഉപകാരപ്രദവും കാര്യക്ഷമവുമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള പൊതുചർച്ചയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷിക സുവനീറായ ‘സ്മരണിക 2024’ യോഗത്തിൽ പ്രകാശനം ചെയ്യും. എല്ലാ മലയാളി പ്രവാസികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ മനുഷ്യ സ്നേഹികളും ഭാഗഭാക്കാകണമെന്നും സാന്ത്വനം പ്രസിഡന്റ് എം. രാജേന്ദ്രൻ, സെക്രട്ടറി എസ്. സന്തോഷ് കുമാർ, ട്രഷറർ വിനോദ് കുമാർ എന്നിവരടങ്ങുന്ന പ്രവർത്തന സമിതി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

