സമര പരിപാടികൾ ആരംഭിക്കും -ആക്ഷൻ കൗൺസിൽ
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോട് കേന്ദ്ര സർക്കാറും എയർ ഇന്ത്യയും കാണിക്കുന്ന അവഗണനയിൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. വിമാനത്താവളത്തിന്റെ വളർച്ചയെ മുരടിപ്പിക്കുന്ന തീരുമാനങ്ങൾ അടിയന്തരമായി പിൻവലിക്കണം.
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുകയും പുതിയ സർവീസുകൾ ആരംഭിക്കുകയും വേണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
പോയന്റ് ഓഫ് കാൾ പദവി അനിവാര്യം
കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി നൽകാതെ കേന്ദ്രസർക്കാർ തുടരുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. ഈ പദവി ലഭിക്കാത്തതിനാൽ വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ സാധിക്കുന്നില്ല. ഇത് മലബാർ മേഖലയിലെ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്. പരിമിതമായ സർവീസുകൾ കാരണം ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുകയാണ്.
ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര വ്യോമയാന മന്ത്രാലയം കണ്ണൂരിനെ അവഗണിക്കുന്നത് പ്രതിഷേധാർഹമാണ്.
പ്രവാസികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ നിർമിച്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും സർവീസുകൾ നിർത്തലാക്കുന്നത് ജനവഞ്ചനയാണ്. ഗൾഫ് മേഖലയിലേക്കുള്ള പല പ്രധാന സർവീസുകളും റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയണ്. ഇത് മറ്റ് വിമാനക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കും.
ഉത്സവ സീസണുകളിൽ കഴുത്തറപ്പൻ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. എയർ ഇന്ത്യയുടെ പിന്മാറ്റം ഈ ചൂഷണത്തിന് ആക്കം കൂട്ടുമെന്നും ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

