സഹകരിക്കാൻ സംഘടനകളും; അതിജീവിക്കും നാം
text_fieldsകുവൈത്ത് സിറ്റി: പുതിയ കേരളം പടുത്തുയർത്താനുള്ള ആഹ്വാനത്തിന് ചെവിയോർത്ത് കുവൈത്തിലെ മലയാളി സംഘടനാ നേതാക്കളെല്ലാം ഒത്തുചേർന്നപ്പോൾ ലഭിച്ചത് നവകേരളം സാധ്യമാണെന്ന ആത്മവിശ്വാസം. ലോക കേരള സഭ അംഗങ്ങളുടെ നേതൃത്വത്തിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തിയ പരിപാടി നോർക്ക റൂട്ട്സ് ഡയറക്ടറും ലോകകേരള സഭ അഡ്മിനിസ്ട്രേഷൻ ആൻഡ് കേരള ഡെവലപ്മെൻറ് ഫണ്ട് ക്രിയേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പത്മശ്രീ ഡോ. രവി പിള്ള മുഖ്യപ്രഭാഷണം നടത്തി. കേരള പുനർനിർമാണത്തിനായി പ്രവാസി കൂട്ടായ്മകൾ ചെയ്ത സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ഒക്ടോബർ 20ന് കുവൈത്തിലെത്തുന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജെൻറ സന്ദർശനം വൻ വിജയമാക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സമാഹരിച്ചുനൽകാനും യോഗം തീരുമാനിച്ചു. ഒരു കാലത്തുമില്ലാത്ത െഎക്യത്തിനാണ് പ്രളയകാലത്ത് കേരളം സാക്ഷിയായതെന്ന് പ്രതിനിധികൾ അനുസ്മരിച്ചു.
ലക്ഷ്യമിടുന്ന 30 കോടിക്കപ്പുറത്ത് സമാഹരിക്കാൻ കഴിയുമെന്നും ലോകകേരള സഭ അംഗം സാം പൈനുംമൂട് വ്യക്തമാക്കി. തുക സമാഹരണത്തിന് 40 കമ്പനികളെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലായിടത്തും ലോക കേരള സഭ അംഗങ്ങളുടെ നേതൃത്വത്തിൽ നേരിട്ടുപോയി കാര്യങ്ങൾ വിശദീകരിച്ച് സഹായം അഭ്യർഥിക്കും. ഇതുവരെ എട്ടര കോടി രൂപ ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ പ്രോജക്ടുകളിലൂടെ വ്യക്തികളും ചെറിയ കൂട്ടങ്ങളും നവകേരളത്തിന് സംഭാവനയർപ്പിക്കണമെന്ന് എൻ.ബി.ടി.സി ചെയർമാൻ കെ.ജി. എബ്രഹാം പറഞ്ഞു.
ലോകത്തെ ഏതു വികസിത രാജ്യവുമായും കിടപിടിക്കാൻ ശേഷിയുള്ള മാനുഷിക വിഭവം കേരളത്തിനുണ്ടെന്നും പ്രളയദിനങ്ങളിൽ ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി കാണിച്ച ഒരുമ കേരളത്തിന് പുനർജന്മം സാധ്യമാകുമെന്ന ആത്മവിശ്വാസം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് പ്രളയത്തിൽ നഷ്ടമുണ്ടായിട്ടുണ്ടെന്നും പ്രത്യേക പരിഗണന നൽകി അവരെ പുനരധിവസിപ്പിക്കണമെന്നും ഹെൽപ് കേരള ചെയർമാൻ ഡോ. അമീർ അഹ്മദ് പറഞ്ഞു. ലോക കേരള സഭാംഗമായ വർഗീസ് പുതുക്കുളങ്ങര സ്വാഗതം പറഞ്ഞു. തോമസ് മാത്യൂ കടവിൽ, ശ്രീംലാൽ മുരളി, ബാബു ഫ്രാൻസിസ്, ജോയ് മുണ്ടക്കാട്, കൃഷ്ണൻ കടലുണ്ടി, പ്രേംസൺ കായംകുളം, രാജീവ് നടുവിലേമുറി, ഹമീദ് കേളോത്ത്, ഫൈസൽ മഞ്ചേരി, ബാബുജി ബത്തേരി, റിജോയ് വർഗീസ്, അൻവർ സഇൗദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
