ഉപയോക്താക്കൾ 9.2 ദശലക്ഷം, 110 ദശലക്ഷത്തിലധികം ഇടപാടുകൾ
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ
ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സർക്കാർ പ്ലാറ്റ്ഫോമായി ‘സഹൽ’. ആപ് ഉപയോക്താക്കളുടെ എണ്ണം 9.2 ദശലക്ഷത്തിലധികം കവിഞ്ഞു. 40ൽ അധികം സർക്കാർ സ്ഥാപനങ്ങളുടെ ഇ-സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകളും നടന്നു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ആപ്പിന്റെ നേട്ടങ്ങളും പ്ലാറ്റ്ഫോം വികസനം, കൂടുതൽ സംയോജിത ഡിജിറ്റൽ സേവനങ്ങൾ ആരംഭിക്കൽ പദ്ധതി എന്നിവയെക്കുറിച്ചും ആശയവിനിമയ കാര്യ സഹമന്ത്രി ഉമർ അൽ ഉമറും സഹൽ എക്സിക്യൂട്ടിവ് കമ്മിറ്റിയും വിശദീകരിച്ചു. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബർ 15നാണ് സഹൽ ആപ് പുറത്തിറക്കിയത്. സര്ക്കാര് മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഏകീകൃത കര ഗതാഗത സംവിധാനം സംബന്ധിച്ച ബില്ലും, കുവൈത്തും മറ്റ് രാജ്യങ്ങൾക്കും തമ്മിലുള്ള പദ്ധതിയും മെമോകളും സംബന്ധിച്ച മറ്റൊരു ബില്ലും മന്ത്രിസഭ അംഗീകരിക്കുകയും അമീറിന് കൈമാറുകയും ചെയ്തു.
2024-25 സാമ്പത്തിക വർഷത്തെ മൂലധന മാർക്കറ്റ് അതോറിറ്റിയുടെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ചുള്ള 14ാം വാർഷിക റിപ്പോർട്ട്, 2024-25 സാമ്പത്തിക വർഷത്തെ ഇൻഷുറൻസ് ഓർഗനൈസേഷൻ യൂനിറ്റിനായുള്ള അഞ്ചാം വാർഷിക റിപ്പോർട്ട് തുടങ്ങിയവ ഉൾക്കൊള്ളുന്ന സാമ്പത്തിക കാര്യ മന്ത്രിതല സമിതിയുടെ യോഗ മിനിറ്റ്സും മന്ത്രിസഭ വിലയിരുത്തി. കുവൈത്ത് പൗരത്വ അന്വേഷണത്തിനായുള്ള സുപ്രീം കമ്മിറ്റി മിനിറ്റ്സ് മന്ത്രിസഭ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

