സാഫ് കപ്പ്: ചരിത്രത്തിനരികെ കുവൈത്ത്
text_fieldsകുവൈത്ത് ദേശീയ ടീം
കുവൈത്ത് സിറ്റി: സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) കപ്പിൽ ഫൈനൽ യോഗ്യത നേടിയതോടെ കുവൈത്ത് എഴുതിയത് മറ്റൊരു ചരിത്രം. സാഫ് കപ്പിൽ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ അറബ് ടീമാണ് കുവൈത്ത് ദേശീയ ടീം. 1993ൽ ആരംഭിച്ച സാഫ് കപ്പിൽ ആദ്യമായാണ് കുവൈത്ത് പങ്കാളികളാകുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ ഫൈനലിലെത്താനും കുവൈത്തിന് കഴിഞ്ഞു.
ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ എന്നീ ടീമുകളാണ് 1993ൽ പാകിസ്താനിലെ ലാഹോറിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പിൽ പങ്കെടുത്തത്. ഇതിൽ ഇന്ത്യ ജേതാക്കളായി. തുടർന്ന് മറ്റു രാജ്യങ്ങൾകൂടി പങ്കാളികളായി. ഇന്ത്യ എട്ടു തവണ ജേതാക്കളാവുകയും ഈ ചാമ്പ്യൻഷിപ്പിലടക്കം 14 തവണ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
സാഫ് കപ്പിൽ മുത്തമിട്ട് അറബ് മേഖലയിൽ തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കാനാണ് കുവൈത്തിന്റെ ലക്ഷ്യം. ഇതിന് മികച്ച അവസരമായി സാഫ് കപ്പിനെ കുവൈത്ത് കാണുന്നു. അറബ് മേഖലയിലെ സമ്പന്നമായൊരു ഫുട്ബാൾ ചരിത്രം കുവൈത്തിനുണ്ട്.
ആദ്യമായി ഏഷ്യൻ കപ്പ് നേടിയ രാജ്യം, ലോകകപ്പിൽ ആദ്യമായി യോഗ്യത നേടിയ രാജ്യം, ഒളിമ്പിക്സിൽ ആദ്യമായി യോഗ്യത നേടിയ രാജ്യം, ഗൾഫ് കപ്പ് നേടുന്ന ആദ്യ രാജ്യം, ഏഷ്യാഡിൽ ആദ്യമായി മെഡൽ നേടിയ രാജ്യം, പശ്ചിമേഷ്യ കപ്പ് നേടിയ ആദ്യ രാജ്യം, സാഫ് കപ്പിൽ ഫൈനൽ യോഗ്യത നേടിയ ആദ്യ രാജ്യം എന്നിങ്ങനെ കുവൈത്ത് അറബ് മേഖലയിൽ മുന്നിലാണ്. സാഫ് കപ്പ് കിരീടനേട്ടത്തോടെ അതിൽ ഒരു പൊൻതൂവൽ കൂടി ചേർക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഫുട്ബാൾ പ്രതിഭകൾ.
ചൊവ്വാഴ്ച ഇന്ത്യയുമായാണ് കുവൈത്തിന്റെ ഫൈനൽ മത്സരം. ഗ്രൂപ് ഘട്ട മത്സരത്തിൽ ഇന്ത്യയെ 1-1ന് സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസം കുവൈത്തിനുണ്ട്.
എന്നാൽ, അവസാന നിമിഷത്തിൽ സെൽഫ് ഗോളാണ് കുവൈത്തിന് സമനില സമ്മാനിച്ചത്. ഇന്ത്യ ശക്തമായ ടീമാണെന്നതിനാൽ ഫൈനലിൽ കുവൈത്തിന് മികച്ച കളി പുറത്തെടുക്കേണ്ടിവരും. അതേസമയം, താപനിലയും കാലാവസ്ഥയും കാരണം ബംഗ്ലാദേശ് മത്സരത്തിനുള്ള സമയം അനുയോജ്യമല്ലാത്തതിനാൽ മത്സരത്തിൽ വളരെയധികം കഷ്ടപ്പെട്ടതായി കുവൈത്ത് ദേശീയ ടീം പരിശീലകൻ റോയ് പിന്റോ പറഞ്ഞു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതിനിടെ, പുതിയ ഫിഫ റാങ്കിൽ കുവൈത്ത് ടീം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 143ൽനിന്ന് 141ൽ എത്തി. സാഫ് കപ്പിലെ പ്രകടനങ്ങൾ കണക്കിലെടുക്കാതെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

