സാഫ് കപ്പ്: ഇന്ത്യയെ പിടിച്ചുകെട്ടി കുവൈത്ത്
text_fieldsസാഫ് കപ്പിൽ ഇന്ത്യക്കെതിരെ ഗോൾ നേടിയ കുവൈത്ത് താരങ്ങളുടെ ആഹ്ലാദം
കുവൈത്ത് സിറ്റി: സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) കപ്പിൽ അവസാന ഗ്രൂപ് മത്സരത്തിലും ആവേശ പ്രകടനവുമായി കുവൈത്ത്. ശക്തരായ ഇന്ത്യയെ 1-1 എന്ന നിലയിൽ തളച്ച് തോൽവി അറിയാതെ കുവൈത്ത് സെമി ഫൈനലിന് യോഗ്യത നേടി. ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ ഇന്ത്യക്കെതിരെ അവസാന മിനിറ്റിൽ തിരിച്ചടിച്ച് കുവൈത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യയിലെ ബംഗളൂരുവിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇതുവരെ മികവാർന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ഗ്രൂപ് എ യിലെ ഉദ്ഘാടന മത്സരത്തിൽ കുവൈത്ത് ടീം നേപ്പാളിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മുക്കിയത്.
തുടർച്ചയായ രണ്ടു ജയത്തോടെ നാലു ടീമുകളുള്ള ഗ്രൂപ്പ് എ യിൽ നിന്ന് കുവൈത്ത് നേരത്തേ സെമിഫൈനൽ യോഗ്യത നേടിയിരുന്നു. ശക്തരായ ഇന്ത്യക്കെതിരായ സമനില സെമിഫൈനലിൽ കുവൈത്തിന്റെ ആത്മവിശ്വാസം കൂട്ടും.
ഗ്രൂപ് ബിയിൽ നിന്ന് സെമി യോഗ്യത നേടിയ ലബനാൻ, മാലദ്വീപ് ടീമുകളിൽ ഒന്നിനെയാകും കുവൈത്തിന് നേരിടേണ്ടിവരുക. ആദ്യമായാണ് സാഫ് കപ്പിൽ കുവൈത്ത് പങ്കാളികളാകുന്നത്. ഗ്രൂപ് എ യിൽ നിന്ന് ഇന്ത്യ, കുവൈത്ത് ഗ്രൂപ് ബിയിൽ നിന്ന് ലബനാൻ, മാലദ്വീപ് എന്നീ രാജ്യങ്ങൾ സെമിഫൈനൽ യോഗ്യത നേടി. ജൂലൈ ഒന്നിന് സെമിഫൈനലും, നാലിന് ഫൈനലും നടക്കും.

