സുരക്ഷാ, അഗ്നി പ്രതിരോധം; ജനറൽ ഫയർഫോഴ്സ് പരിശോധന തുടരുന്നു
text_fieldsനിയമലംഘനം വരുത്തിയ സ്ഥാപനത്തിൽ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: തീപിടിത്ത അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ജനറൽ ഫയർ ഫോഴ്സ് പരിശോധന തുടരുന്നു. ഷുഐബ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
വൈദ്യുതി, ജല മന്ത്രാലയം, വ്യവസായത്തിനുള്ള പൊതു അതോറിറ്റി, പരിസ്ഥിതി പൊതു അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധന. കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷാ, അഗ്നി പ്രതിരോധ സൗകര്യങ്ങൾ സംഘം പരിശോധിച്ചു.
നിയമ ലംഘനങ്ങളും റിപ്പോർട്ടുചെയ്തു. ജനറൽ ഫയർ ഫോഴ്സ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ നിരവധി സ്ഥാപനങ്ങൾ സംഘം അടച്ചുപൂട്ടി. രാജ്യത്ത് താപനില ഉയരുകയും ചൂട് വർധിക്കുകയും ചെയ്തോടെ തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷ നടപടികൾ കൃത്യമായി പാലിക്കണം. പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ നടപടി എടുക്കുമെന്നും അധികൃതർ ഉണർത്തി.

