സുരക്ഷാ സജ്ജീകരണങ്ങൾ ശക്തം; റോഡിൽ സാഹസം വേണ്ട
text_fieldsപുതിയ സംവിധാനത്തോടെയുള്ള പട്രോൾ വാഹനം നിരത്തിൽ
കുവൈത്ത് സിറ്റി: അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷാ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തി കുവൈത്ത്. അന്വേഷണ പരിധിയിലുള്ള വ്യക്തികളെയും വാഹനങ്ങളെയും തിരിച്ചറിയാൻ എ.ഐയിൽ പ്രവർത്തിക്കുന്ന പട്രോൾ യൂനിറ്റ് പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി സിസ്റ്റംസ്, മാനവ വിഭവശേഷി, വിവര സാങ്കേതിക മേഖലയുമായി ചേർന്നാണ് പുതിയ അത്യാധുനിക സുരക്ഷാ പട്രോൾ ആരംഭിച്ചത്.
പ്രത്യേക ദേശീയ കേഡറുകൾ വികസിപ്പിച്ചെടുത്ത ഈ പട്രോളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫേഷ്യൽ റെക്കഗ്നിഷൻ, സ്മാർട്ട് സർവൈലൻസ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഫേഷ്യൽ റെക്കഗ്നിഷൻ, വാഹന ലൈസൻസ് പ്ലേറ്റ് സാങ്കേതികവിദ്യകളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട് മൊബൈൽ കാമറ സംവിധാനമാണ് പട്രോളിങ്ങിന്റെ സുപ്രധാന ഭാഗം. ഈ സംവിധാനം തത്സമയ ചിത്രങ്ങൾ പകർത്തുകയും കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള പ്രോസസിങ്ങിനും വിശകലനത്തിനുമായി കൈമാറുകയും ചെയ്യും. തുടർന്ന് ഈ വിവരം ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റത്തിലെ ഡേറ്റാബേസുമായി ഒത്തുനോക്കും. ഇത് പിടികിട്ടാനുള്ള വ്യക്തികളെയും വാഹനങ്ങളെയും വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.
റോഡുസുരക്ഷ ഉറപ്പുവരുത്താനും അമിത വേഗം കണ്ടെത്താനും റോഡരികിൽ കാമറകളും നിലവിണ്ട്. ഇതിന് പുറമെ ഡ്രോണുകളും അശ്രദ്ധരായ ഡ്രൈവർമാരെ പിടികൂടാൻ ജനറൽ ട്രാഫിക് വകുപ്പ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്.
ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഓവർടേക്കിങ്, മറ്റുവാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കൽ എന്നിവ ഡ്രോണുകൾ രേഖപ്പെടുത്തും. അശ്രദ്ധമായി ഓവർടേക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുന്നത് രണ്ട് മാസം വരെ വാഹനം പിടിച്ചെടുക്കും. ഇതിനു പുറമെ സമൂഹമാധ്യങ്ങളിൽ വരുന്ന നിയമലംഘന ദൃശ്യങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

