ത്യാഗസ്മരണയിൽ ബലിപെരുന്നാൾ
text_fieldsകെ.ഐ.ജി അബ്ബാസിയയിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ അൻവർ സഈദ് നമസ്കാരത്തിന് നേതൃത്വം നൽകുന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ ഇസ്ലാംമത വിശ്വാസികൾ വെള്ളിയാഴ്ച ബലിപെരുന്നാൾ ആഘോഷിച്ചു. രാവിലെ 5.03നായിരുന്നു പെരുന്നാൾ നമസ്കാരം. പള്ളികൾക്കു പുറമെ നിരവധി ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു. പരസ്പരം ആശംസകൾ അറിയിച്ചും മധുരം കൈമാറിയും വിശ്വാസികൾ ആഹ്ലാദം പങ്കുവെച്ചു. പുലർച്ചെ പള്ളികളിലും ഈദ്ഗാഹുകളിലുമെത്തിയ വിശ്വാസികൾ തക്ബീർ ധ്വനികളോടെ പെരുന്നാളിനെ വരവേറ്റു.
ഇബ്റാഹീം പ്രവാചകന്റെയും കുടുംബത്തിന്റെയും സ്മരണകൾ പുതുക്കിയ ഇമാമുമാർ അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽനിന്നും മാതൃക ഉൾക്കൊള്ളാൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ലോകത്തെമ്പാടുമുള്ള കഷ്ടതയനുഭവിക്കുന്ന സഹോദരങ്ങൾക്ക് വേണ്ടിയും ഗസ്സയിലെ പിഞ്ചുമക്കൾക്കും സഹോദരി സഹോദരന്മാർക്കും വേണ്ടി പ്രാർഥിക്കാനും ആഹ്വാനം ചെയ്തു.
പുതു തലമുറയെ കാർന്നുതിന്നുന്ന എല്ലാതരം ലഹരി മരുന്നിനെതിരെയും ജാഗ്രത പാലിക്കാനും സാഹോദര്യ ബന്ധങ്ങളുടെ കണ്ണി ചേർക്കാനും സാമൂഹിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനും ഉണർത്തി. പെരുന്നാൾ നമസ്കാരത്തിൽ വിശ്വാസികളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി കുടുംബങ്ങളും പങ്കെടുത്തു. നമസ്കാര ശേഷം പരസ്പര ആശ്ലേഷണങ്ങളും ആശംസകൾ കൈമാറലും മധുര പലഹാര വിതരണവും നടന്നു.
കെ.ഐ.ജി കുവൈത്ത്
കെ.ഐ.ജി കുവൈത്ത് നേതൃത്വത്തിൽ ആറിടത്ത് ഈദ് ഗാഹ് സംഘടിപ്പിച്ചു. അബ്ബാസിയ പാർക്കിൽ അൻവർ സഈദും സാൽമിയ ഗാർഡനിൽ അനീസ് ഫാറൂഖിയും ഫഹാഹീൽ ബലദിയ ഗാർഡനിൽ ഫൈസൽ മഞ്ചേരിയും മെഹ്ബൂല അൽ നൂർ സ്കൂൾ ഗ്രൗണ്ടിൽ എ.പി അബ്ദുൽ സത്താറും റിഗ്ഗായിൽ ഡോ. അലിഫ് ഷുക്കൂറും ഫർവാനിയയിൽ ഷെഫീഖ് അബ്ദുസമദും നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ ഹുദ സെന്റർ
ഇന്ത്യൻ ഹുദ സെന്റർ നേതൃത്വത്തിൽ മംഗഫ് ബ്ലോക്ക് നാലിനു സമീപമുള്ള ബീച്ച് പരിസരത്തും ഫർവാനിയ ബ്ലോക് രണ്ടിലുള്ള ബൈലിങ്ക്വൽ സ്കൂൾ സ്റ്റേഡിയത്തിലും ബലിപെരുന്നാൾ നമസ്കാരം നടന്നു. വീരാന്‍കുട്ടി സ്വലാഹി, അഹ്മദ് പൊറ്റയില്‍ എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച ദജീജിലെ മെട്രോ കോർപറേറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന ഈദ് സോഷ്യൽ മീറ്റിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അറിയിച്ചു. വൈകീട്ട് അഞ്ചു മുതൽ ഒമ്പതു വരെയാണ് പരിപാടി.
ഹുദ സെന്റർ മൻഗഫ് ഈദ് ഗാഹിൽ വീരാൻ കുട്ടി സ്വലാഹി ഖുത്തുബ നിർവഹിക്കുന്നു
ഇന്ത്യൻ ഇസ് ലാഹി സെൻറർ
ഇന്ത്യൻ ഇസ് ലാഹി സെൻറർ വിവിധ ഏരിയകളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. സാൽമിയ മസ്ജിദ് അൽവുഹൈബിന് മുൻവശത്തെ ഗ്രൗണ്ടിൽ ഫൈസൽ ചക്കരക്കല്ല് നേതൃത്വം നൽകി. മൻഗഫ് ശ്രിംബിക്ക് സമീപത്തെ ഈദ് ഗാഹിന് നൂറുദ്ദീൻ ഫാറൂഖിയും മഹബൂല നാസർ സ്പോർട്സ് ക്യാമ്പ് മസ്ജിദിൽ ഷാനിബ് പേരാമ്പ്രയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. നമസ്കാരത്തിന് ശേഷം മധുരം വിതരണം ചെയ്തു.
ഇന്ത്യൻ ഇസ് ലാഹി സെൻറർ മൻഗഫിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

