നിയമലംഘനം: മൂന്നു മാസത്തിനിടെ നാടുകടത്തിയത് 10,000 പേരെ
text_fieldsകുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരിൽ മൂന്നു മാസത്തിനിടെ അറസ്റ്റിലായത് 10,000ത്തോളം പേർ. ഇതിൽ 3000ത്തോളം പേർ കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്. പിടിയിലായ മുഴുവൻ പേരെയും നാടുകടത്തിയതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക കമ്മിറ്റിയുടെ നീക്കങ്ങളുടെ ഫലമായാണ് അറസ്റ്റ്. റെസിഡൻസി അഫയേഴ്സ് ഡിറ്റക്ടിവുകളുടെ സഹകരണവും പരിശോധനയിലുണ്ടായി.
നിയമം ലംഘിക്കുന്ന മസാജ് സെന്റർ നടത്തിപ്പുകാർ, മത്സ്യത്തൊഴിലാളികൾ, കർഷകർ, സ്ക്രാപ് തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന. തൊഴിൽ വിപണിയിൽ നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് പരിശോധനസംഘം അറിയിച്ചു. നിർമാണം, കൃഷി തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകും.
ഏജൻസികൾ ചില രാജ്യക്കാർക്ക് 2,000 ദീനാറിൽ കൂടുതൽ തുകക്ക് വിസകൾ വിൽക്കുന്നതായി സമിതി സൂചിപ്പിച്ചു. ഇത്തരം വ്യാജ കമ്പനികളിൽ ചിലത് ഈയിടെയായി പിടികൂടിയതായും അറിയിച്ചു. നേരിട്ടല്ലാത്ത ഇത്തരം വിസയിൽ എത്തുന്നവരാണ് മറ്റു ജോലികളിൽ ഏർപ്പെടുന്നവരിൽ ഭൂരിപക്ഷവും. വിവിധ കുറ്റകൃത്യങ്ങൾ, നിയമലംഘനങ്ങൾ, വിസ കാലാവധി കഴിഞ്ഞും കുവൈത്തിൽ കഴിഞ്ഞവർ എന്നിങ്ങനെയുള്ള 30,000 പ്രവാസികളെയാണ് കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് നാടുകടത്തിയത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ഇന്ത്യയിൽ നിന്നുള്ള 6,400 പുരുഷന്മാർ, 1,700 സ്ത്രീകൾ എന്നിങ്ങനെയാണ് പുറത്താക്കിയവരുടെ എണ്ണം.
അതേസമയം, രാജ്യത്ത് പ്രവേശിക്കുന്ന പുതിയ തൊഴിലാളികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുതിയ സംവിധാനം അവതരിപ്പിക്കും.