പൊലീസ് ചമഞ്ഞ് കൊള്ള; നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ
text_fieldsപിടിയിലായ പ്രതിയും പിടിച്ചെടുത്ത വസ്തുക്കളും
കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി സൈനിക വാഹനങ്ങളും തയ്യൽ കടകളും കൊള്ളയടിച്ചയാൾ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റിലെ സാൽമിയ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി സ്വദേശിയാണെന്നും തെളിഞ്ഞു.
പ്രോസിക്യൂഷന്റെ അനുമതിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സൈനിക യൂനിഫോമുകൾ, ചിഹ്നങ്ങൾ, സൈനിക ഐഡി കാർഡുകൾ, കളിത്തോക്ക്, വിലങ്ങുകൾ, തുടങ്ങി നിരവധി മോഷണ മുതലുകൾ കണ്ടെടുത്തു.
കൂടുതൽ അന്വേഷണങ്ങളിൽ വാഹന മോഷണം, മെറ്റൽ പ്ലേറ്റുകൾ മോഷ്ടിക്കൽ, വാഹനങ്ങൾക്ക് മനഃപൂർവം കേടുപാടുകൾ വരുത്തൽ എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

