റോഡ് പരിശോധന ശക്തം; 45 അശ്രദ്ധരായ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു
text_fieldsകുവൈത്ത് സിറ്റി: ഗതാഗതം നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനുമായി 2025 ഡിസംബർ 22 മുതൽ 28 വരെ രാജ്യവ്യാപകമായി നടന്ന പരിശോധനകളിൽ നിരവധി ഗുരുതര ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ അതീഖിയുടെ മേൽനോട്ടത്തിൽ പ്രധാന റോഡുകളിലും ഹൈവേകളിലും പരിശോധന നടന്നു. പരിശോധനയിൽ 19,362 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 254 വാഹനങ്ങളും 15 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. സാധുവായ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 45 പേരെ ട്രാഫിക് തടങ്കലിലേക്കും 19 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും അയച്ചു. സുരക്ഷാ പരിശോധനയിൽ കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുകൾ കൈവശം വച്ചതിന് 11 വ്യക്തികളെ പിടികൂടി. നാല് പേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് റഫർ ചെയ്തു. ഔദ്യോഗിക തിരിച്ചറിയൽ രേഖയില്ലാത്ത ആറ് പേരെയും ഒളിച്ചോടിയ കേസുകളും അറസ്റ്റ് വാറണ്ടുകളും നിലവിലുള്ള 21 വ്യക്തികളെയും അറസ്റ്റ് ചെയ്തു. കോടതികൾ അന്വേഷിക്കുന്ന 25 വാഹനങ്ങളും പിടിച്ചെടുത്തു.
ഇതേ കാലയളവിൽ 1546 ട്രാഫിക് അപകടങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 242 അപകടങ്ങളിൽ പരിക്കുകളോ മരണങ്ങളോ ഉണ്ടാക്കി. 1302 എണ്ണം ഭൗതിക നാശനഷ്ടങ്ങൾക്ക് കാരണമായി.
അപകടങ്ങൾ കുറക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും ശക്തമായ ഗതാഗത, സുരക്ഷാ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കും റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ അപകടപ്പെടുത്തുന്നവർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

