റിയാദ് വിമാനത്താവള ആക്രമണം;മാനുഷിക നിയമലംഘനം
text_fieldsകുവൈത്ത് സിറ്റി: സൗദി അറേബ്യക്കെതിരെ ഹൂതി വിമതർ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഞായറാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഞായറാഴ്ച ഒരാൾ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര-മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.
സിവിലിയൻ വിമാനത്താവളങ്ങളെയും സുപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നത് അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്നതും, സാധാരണക്കാരുടെ ജീവനും വ്യോമയാന സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയുമാണ്. ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ശക്തമായ അന്താരാഷ്ട്ര നടപടി ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യം ആവർത്തിച്ച കുവൈത്ത് രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണ ആവർത്തിച്ചു. സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിലിലെ മറ്റ് രാജ്യങ്ങളുടെയും സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്നും ഊന്നിപ്പറഞ്ഞു.
ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കുവൈത്തിന്റെ ആത്മാർത്ഥമായ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. ശനിയാഴ്ച റിയാദിലെ കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് ഞായറാഴ്ചയും ആക്രമണം ഉണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

