പുതുക്കിയ ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികൾക്ക് പുതുക്കിയ ആരോഗ്യ ഇൻഷുറൻസ് ഫീസ് നിലവിൽവരും മുമ്പ് പഴയ നിരക്കിൽ നടപടികൾ പൂർത്തിയാക്കിയത് നിരവധി പേർ. ചൊവ്വാഴ്ച പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഏകദേശം 70,000 ഇൻഷുറൻസ് ഇടപാടുകളാണ് പൂർത്തിയായത്.
പുതുക്കിയ നിരക്ക് പ്രകാരം ഒരാൾക്ക് ഇനി 100 ദീനാർ ഇൻഷുറൻസ് തുക അടക്കണം. നേരത്തെ ഇത് 50 ദീനാറായിരുന്നു. മൂന്നും നാലും കുട്ടികളുള്ള കുടുംബങ്ങൾക്ക് പുതിയ നിരക്കുകൾ പ്രകാരം വലിയൊരു തുക ഇതു വഴി ചെലവാകും. ഇതിനാലാണ് പലരും തിടുക്കപ്പെട്ട് നേരത്തെ ഇൻഷുറൻസ് അടച്ച് ഇഖാമ പുതുക്കിയത്.
ഇതോടെ ആറ് ഗവർണറേറ്റുകളിലെയും റെസിഡൻസി ഓഫിസുകളിൽ വലിയ തിരക്കുണ്ടായി. റെസിഡൻസി പുതുക്കലുകളും കുടുംബ വിസ നടപടികളുമാണ് പ്രധാനമായും നടന്നത്. ഓൺലൈൻ വഴിയും അപേക്ഷകരുടെ എണ്ണം കൂടി. ഉയർന്ന തിരക്കിനിടയിലും ഓൺലൈൻ സംവിധാനം നിയന്ത്രിതമായി പ്രവർത്തിച്ചതായി അധികൃതർ അറിയിച്ചു.
സാങ്കേതിക അപ്ഡേഷന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 10 മുതൽ ചൊവ്വാഴ്ച പുലർച്ച രണ്ടു വരെ ഓൺലൈൻ സേവനങ്ങൾ നിർത്തിവെച്ചിരുന്നു.
അതേസമയം രാജ്യത്ത് പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിൽ ഏർപ്പെടുത്തിയ വർധന ചൊവ്വാഴ്ച മുതൽ നിലവിൽവന്നു. എല്ലാ റെസിഡൻസി, വിസിറ്റ് വിസകൾക്കും ആരോഗ്യ ഇൻഷുറൻസ് ഫീസ് പുതുക്കിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇത് ബാധകമാണ്. ഇൻഷുറൻസ് രേഖകളില്ലാതെ പുതിയ ഇഖാമ നൽകാനോ നിലവിലുള്ളവ പുതുക്കാനോ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

