പതാകകൾ പ്രദർശിപ്പിക്കുന്നതിന് നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിനുള്ള നിയന്ത്രണം നിലവിൽവന്നു. ദേശീയ പതാക നിയമത്തിൽ ഭേദഗതി വരുത്തി പുറത്തിറക്കിയ 2025ലെ 73ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണ് പുതിയ നിയന്ത്രണം. പുതുതായി കൂട്ടിച്ചേർത്ത ആർട്ടിക്ക്ൾ പ്രകാരം രാജ്യത്ത് വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നതിന് ഇനി മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഇത് സാധാരണ ദിവസങ്ങളിലും, പൊതു-സ്വകാര്യ പരിപാടികളിലും, അതാത് രാജ്യങ്ങളുടെ ദേശീയ അവധി ദിവസങ്ങളിലായാലും ബാധകമാണ്.
ഒരു വിദേശ രാജ്യം പങ്കാളിയാകുന്ന പ്രാദേശിക അല്ലെങ്കിൽ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് കുവൈത്ത് ആതിഥേയത്വം വഹിക്കുമ്പോൾ മാത്രമാണ് ഈ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. കൂടാതെ, മതപരമോ സാമൂഹികമോ ഗോത്രപരമോ ആയ ഗ്രൂപ്പുകളുടെ പതാകകളോ മുദ്രാവാക്യങ്ങളോ പ്രദർശിപ്പിക്കുന്നതും നിരോധിക്കുന്നു. അംഗീകൃത സ്പോർട്സ് ക്ലബുകളുടെ ഔദ്യോഗിക പതാകകൾക്കും മുദ്രാവാക്യങ്ങൾക്കും മാത്രമാണ് ഇതിൽ ഇളവുള്ളത്. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ അല്ലെങ്കിൽ 1000 ദീനാർ മുതൽ 2000 ദിനാർ വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.