ജൂൺ ഒന്നുമുതൽ പുറംജോലികൾക്ക് നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നു. ഉയർന്ന താപനില കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാജ്യത്ത് പുറം ജോലികൾക്ക് മാന്‍ പവര്‍ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകീട്ട് നാലു വരെയാണ് നിയന്ത്രണം. വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഈ വര്‍ഷവും ഉച്ച സമയത്ത് വിശ്രമം നിർബന്ധമാക്കിയത്.
പകൽ പതിനൊന്നിനും നാലിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കരുതെന്ന് തൊഴിൽ ഉടമകളെയും അറിയിച്ചിട്ടുണ്ട്.
ജോലിസമയം രാവിലെയും വൈകീട്ടുമായി പുനഃക്രമീകരിക്കാന്‍ അനുമതിയുണ്ട്. നിരോധിത സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. നിയമലംഘകര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. ആവർത്തിച്ചാൽ പിഴ ഈടാക്കും.
വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഫയല്‍ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. നിയമപാലനം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് നിരീക്ഷണത്തിനായി നിയോഗിക്കും. അതേസമയം, ഈ മാസം പകുതി പിന്നിട്ടതോടെ കൂടിയ താപനില ശരാശരി 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിട്ടുണ്ട്. മേയ് അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തിപ്രാപിക്കും.
ശരാശരി 30 ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞ താപനിലയും എത്തിയിട്ടുണ്ട്. ഇതോടെ രാത്രിയും ചൂട് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം 30 ഡിഗ്രി സെൽഷ്യസിന് താഴെ മാത്രമായിരുന്ന താപനിലയാണ് ഈ ആഴ്ചയോടെ 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണിൽ ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ അഞ്ച് സ്ഥലങ്ങൾ കുവൈത്തിൽ അടയാളപ്പെടുത്തിയിരുന്നു. ആഗോളതാപനമാണ് ഉയർന്ന താപനിലയുടെ പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

