കെട്ടിടങ്ങളിലെ താമസക്കാരുടെ എണ്ണത്തിൽ കൃത്യത വേണം
text_fieldsമന്ത്രി ശൈഖ് ഫഹദ് അൽ യൂസുഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: റസിഡൻഷ്യൽ കെട്ടിടങ്ങൾക്കും വീടുകൾക്കും ഉടമയുടെ വിവരവും രജിസ്റ്റർ ചെയ്തവരുടെ എണ്ണവും ഉൾപ്പെടുന്ന വ്യക്തവും കൃത്യവുമായ രേഖകൾ അനിവാര്യമാണെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് സൗദ് അസ്സബാഹ്. വസ്തുവകകളുടെ ഉടമസ്ഥാവകാശം മാറുമ്പോൾ പുതുക്കിയ വിവരങ്ങൾ അധികാരികളെ അറിയിക്കുന്നത് ഉറപ്പാക്കണം. സുരക്ഷ വിവരങ്ങളുടെ പ്രാഥമിക ഉറവിടമെന്ന നിലയിൽ സിവിൽ ഐഡി കാർഡ് നിർണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് ഫഹദ്. ഏകീകൃത ഉറവിടത്തിൽ നിന്നുള്ള വിവരങ്ങൾ പങ്കിടൽ, വിവരങ്ങളുടെ പുതുക്കൽ എന്നിവ ഉറപ്പാക്കണം. വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനം കൈവരിക്കുന്നതിന് സമഗ്രമായ കാഴ്ചപ്പാട് അനിവാര്യമാണെന്നും ശൈഖ് ഫഹദ് അൽ യൂസുഫ് വ്യക്തമാക്കി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഡാറ്റ സംവിധാനങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.
വ്യാപാര വ്യവസായ മുൻ മന്ത്രി അബ്ദുല്ല അൽ ജോവാൻ, സിവിൽ ഇൻഫർമേഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ, കുവൈത്ത് മുനിസിപ്പാലിറ്റി, ഫയർ ഫോഴ്സ്, സിവിൽ ഇൻഫർമേഷൻ മന്ത്രാലയം എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് പബ്ലിക് സെക്യൂരിറ്റി, റസിഡൻസി, നാഷനാലിറ്റി അഫയേഴ്സ് സെക്ടറുകളും പങ്കെടുത്തു. കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ പങ്കിനെയും സ്വാധീനത്തെയും യോഗം വിലയിരുത്തി. സുരക്ഷ കൈകാര്യം ചെയ്യുന്നതിന് ഡാറ്റ രേഖപ്പെടുത്തുന്നതിലെ പ്രധാന്യവും ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

