താമസ, തൊഴിൽ നിയമലംഘനം വ്യാപക പരിശോധന: 139 പ്രവാസികൾ അറസ്റ്റിൽ, പരിശോധന തുടരും
text_fieldsകുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നു. കുവൈത്ത് സിറ്റി, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽനിന്നായി 139 പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഖുറൈനിൽ 10 അനധികൃത ദൈനംദിന തൊഴിലാളികൾ താമസിക്കുന്ന മൂന്നു വ്യാജ സർവിസ് ഓഫിസുകൾ പിടിച്ചെടുത്തു. ലൈസൻസില്ലാത്ത 17 ഷോപ്പ് തൊഴിലാളികളെയും അറസ്റ്റു ചെയ്തു. ഹോം ഡെലിവറി ജോലിക്കാരായ 37 പേരും പിടിയിലായി. വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമത്തിലാണ് പ്രതികൾ പിടിയിലായത്. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും താമസ, തൊഴിൽ നിയമലംഘകരെയും കണ്ടെത്തുന്നതിന് പരിശോധന അടുത്തിടെ ഊർജിതമാക്കിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ജഹ്റ, ഫർവാനിയ, സിറ്റി, അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 132 പേർ അറസ്റ്റിലായിരുന്നു. അതിനിടെ, സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും പൊതു ധാർമികത ലംഘിച്ചതിനും 31 പ്രവാസികളെ പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് അറസ്റ്റു ചെയ്തു. മഹ്ബൂല, സാൽമിയ, ഹവല്ലി എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പണം കൈപ്പറ്റി നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടതായി കണ്ടെത്തി. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പേരെ മഹ്ബൂലയിൽനിന്ന് രണ്ടു ദിവസം മുമ്പും പിടികൂടിയിരുന്നു. സാൽമിയ, ഹവല്ലി മേഖലകളിൽ മസാജ് സ്ഥാപനങ്ങളിലും, ജലീബ് അൽ ഷുയൂഖ് ഭാഗത്ത് വീട് കേന്ദ്രീകരിച്ചും അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവന്നവരും പിടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

