കെ.ജി ക്ലാസുകളിലേക്ക് ഗവേഷണ മനഃശാസ്ത്രജ്ഞനെ നിയമിക്കും
text_fieldsകുവൈത്ത് സിറ്റി: 2022-2023 അധ്യയന വർഷത്തോടെ ആരംഭിക്കുന്ന എല്ലാ കെ.ജി ക്ലാസുകളിലേക്കും ഒരു ഗവേഷണ മനഃശാസ്ത്രജ്ഞനെ സ്കൂളുകളിൽ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വികസനത്തിനും പ്രവർത്തനങ്ങൾക്കുമുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സീദ് പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഒസാമ അൽ സുൽത്താന് അയച്ച കത്തിൽ വിദ്യാഭ്യാസ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിലും രീതിശാസ്ത്രങ്ങൾ വികസിപ്പിക്കുന്നതിലും മന്ത്രാലയം ശ്രദ്ധാലുവാണെന്ന് വ്യക്തമാക്കുകയും പഠന വെല്ലുവിളികളുടെയും മാനസിക സമ്മർദങ്ങളുടെയും കാര്യത്തിൽ വിദ്യാർഥികളുടെ പഠന വികസനത്തിലെ പൊരുത്തക്കേടുകൾ നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ചെറിയ ക്ലാസുകളിൽ സൈക്കോളജിസ്റ്റുകളെ നിയമിക്കാനുള്ള മന്ത്രാലയ തീരുമാനം വന്നിരിക്കുന്നത്.
ക്ലാസ് മുറിൽ സൈക്കോളജിസ്റ്റിന്റെ സാന്നിധ്യം വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ കണ്ടെത്താനും അത് തടയാനും സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വനിത സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനും മന്ത്രാലയം വ്യവസ്ഥവെച്ചിട്ടുണ്ട്. സ്കൂളുകളിൽ നിയമിക്കപ്പെടുന്ന റിസർച് സൈക്കോളജിസ്റ്റ് 15 വർഷം പൊതുവിദ്യാലയങ്ങളിൽ ജോലിചെയ്യണമെന്നും അവർ സൈക്കോളജിസ്റ്റ് വെക്സ്ലേഴ്സ് ചിൽഡ്രൻസ് ഇന്റലിജൻസ് സ്കെയിലും സ്റ്റാൻഫോഡ് ബിനറ്റ് കുവൈത്ത് ചിൽഡ്രൻസ് ഇന്റലിജൻസ് സ്കെയിലും പാസാകുകയും ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ ആൻഡ് സൈക്കളോജിക്കൽ സർവിസസിൽ നിന്ന് സർട്ടിഫിക്കറ്റ് നേടുകയും വേണമെന്നുമുള്ള മാനദണ്ഡങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

