സൂഖ് മുബാറകിയ പുനരുദ്ധാരണത്തിന് 60 ലക്ഷം ദീനാർ ചെലവ്
text_fieldsകത്തിനശിച്ച സൂഖ് മുബാറകിയ
കുവൈത്ത് സിറ്റി: കത്തിനശിച്ച മുബാറക്കിയ മാർക്കറ്റ് പുനർനിർമിക്കാൻ 60 ലക്ഷം ദീനാർ ചെലവു പ്രതീക്ഷിക്കുന്നു. ധനമന്ത്രാലയം ചെലവു വഹിക്കും. കത്തിനശിച്ച ഭാഗം പുനർനിർമിക്കാനുള്ള ചുമതല മുനിസിപ്പാലിറ്റിയെ ഏൽപിച്ചിട്ടുണ്ട്.
മുബാറക്കിയ മാർക്കറ്റിന് ചരിത്രപരവും വിനോദസഞ്ചാരപരവുമായ പ്രാധാന്യമുണ്ട്. ധനമന്ത്രാലയം, നീതിന്യായ മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, എൻ.സി.സി.എ.എൽ തുടങ്ങിയവയിൽനിന്നുള്ള പ്രതിനിധികൾ അടങ്ങിയ സമിതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. പൈതൃക മനോഹാരിതയിൽ തന്നെ നിർമാണം പൂർത്തിയാക്കാനാണ് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തിയത്. ആധുനിക കാലത്തിന് അനുയോജ്യമായ രീതിയിലും പഴമയുടെ കാഴ്ച നിലനിർത്തിയുമുള്ള വികസനമാണ് പൂർത്തിയാക്കുക. പരിസ്ഥിതി സൗഹൃദ സാമഗ്രികളും ഉപകരണങ്ങളും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി വിനോദസഞ്ചാര വികസനം കൂടി ലക്ഷ്യമാക്കിയുള്ളതായിരിക്കും.
രാജ്യത്തിന്റെ പൗരാണികതയും പാരമ്പര്യവും ഏറെ പ്രതിഫലിക്കുന്ന സിറ്റിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ സൂഖ് മുബാറകിയ അതിന്റെ പൈതൃക രൂപഘടന കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.
പുരാതന അറേബ്യൻ നഗരവീഥിയെ അനുസ്മരിപ്പിക്കുന്നതാണ് സൂഖ് മുബാറകിയക്കുള്ളിലൂടെയുള്ള നടത്തം. ഇതിന് ചന്തം ചാർത്തുന്നതാണ് ഇവിടത്തെ ചുമർ ചിത്രങ്ങളും ഇരിപ്പിടങ്ങളും കോട്ടവാതിലുകളെ ഓർമിപ്പിക്കുന്ന വലിയ വാതിലുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

